കൊച്ചി: ഇപ്പോള്‍ കാപ്രിക്കോണ്‍ യുകെ ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നറിയിപ്പെടുന്ന കെയിന്‍ യുകെ ഹോള്‍ഡിങ്സിന് 2016 ഏപ്രിലിനും 2017 ജൂണിനുമിടയില്‍ 667 കോടി രൂപയുടെ ഡിവിഡന്‍റ് നല്‍കാന്‍ താമസിച്ചു എന്ന പേരില്‍ 77.6 കോടി രൂപയുടെ പലിശ നല്‍കാനുള്ള സെബിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വേദാന്ത ലിമിറ്റഡ് അറിയിച്ചു.
കാപ്രികോണ്‍ യുകെ ഹോള്‍ഡിങ്സിന് വേദാന്ത നല്‍കേണ്ട ഡിവിഡന്‍റ് കെയിന്‍ യുകെയും ഇന്ത്യാ ഗവണ്‍മെന്‍റും തമ്മിലുളള നികുതി തര്‍ക്കത്തിനു കീഴിലാണെന്നും കമ്പനി അറിയിച്ചു.
ഡിവിഡന്‍റ് തടഞ്ഞു വെക്കാന്‍ വേദാന്തയുടെ ഭാഗത്തു നിന്ന് നീക്കമൊന്നുമില്ലെന്നും മികച്ച രീതിയില്‍ ഡിവിഡന്‍റ് നല്‍കുന്ന റെക്കോര്‍ഡാണ് കമ്പനിക്കുള്ളതെന്നും വേദാന്ത അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 84,000 കോടി രൂപയുടെ ഡിവിഡന്‍റാണ് ഓഹരി ഉടമകള്‍ക്കു നല്‍കിയത്.
വേദാന്ത നല്‍കുന്ന ഡിവിഡന്‍റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 667 കോടി രൂപ വളരെ ചെറിയ തുകയാണ്. ഇവിടെയുള്ള സവിശേഷ സാഹചര്യങ്ങളാണ് താമസത്തിലേക്കു നയിച്ചതെന്നും കമ്പനി അറിയിച്ചു.