
വാഷിംഗ്‌ടൺ: ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യൻ യൂണിയനുമടക്കം 60 വ്യാപാര പങ്കാളികൾക്ക് 12.5% വരെ അധിക ഇറക്കുമതി തീരുവ ശുപാർശ ചെയ്ത് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ്സ് ഓഫിസ് (യുഎസ്ടിആർ).
നിലവിൽ ഈടാക്കുന്ന തീരുവയ്ക്ക് പുറമേയാണിത് പിരിക്കുക. കയറ്റുമതി മരാദ്യകൾ പാലിക്കാതെ, യുഎസിൽ നിന്ന് അനധികൃത നേട്ടം സ്വന്തമാക്കിയെന്ന് ആരോപിച്ച് 1974ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ യുഎസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് പുതിയ തീരുവ ശുപാർശ.
ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് ഉൾപ്പെടെ 54 രാജ്യങ്ങൾക്കാണ് 12.5% തീരുവ ബാധകമാവുക. പൂർണമായോ ഭാഗികമായോ ചട്ടങ്ങൾ പാലിച്ച കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, യുകെ, തായ്‍വാൻ എന്നിവയ്ക്ക് 10% തീരുവയും ശുപാർശ ചെയ്തു.
സെക്ഷൻ 301 പ്രകാരം അന്വേഷണം നടത്തുന്നതിനെ ഇന്ത്യയും ചൈനയും യൂറോപ്യൻ യൂണിയനുമെല്ലാം ശക്തമായി എതിർത്തിരുന്നു. ഇന്ത്യ-യുഎസ് പ്രതിനിധികൾ വ്യാപാരക്കരാർ ചർച്ച ഡൽഹിയിൽ നടത്തുന്നതിനിടെയാണ് യുഎസ്ടിആർ പുതിയ താരിഫ് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമെങ്കിൽ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും വഷളാകും.
വ്യാപാരക്കരാർ യാഥാർഥ്യമാകുന്നത് ഇനിയും നീളാനും സാധ്യതയുണ്ട്. അതേസമയം വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും കുറഞ്ഞ തീരുവയോടെ യുഎസിൽ ഇറക്കുമതി ചെയ്യുന്നതിനായി ഇളവ് നൽകുന്നതും യുഎസ്ടിആർ ശുപാർശ ചെയ്തിട്ടുണ്ട്.
പകരം തീരുവക്കേസിൽ സുപ്രീംകോടതിയിലും തോറ്റ ട്രംപ്, ഏതുവിധേനയും തീരുവകൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ‘വളഞ്ഞവഴി’യാണ് സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണമെന്ന് വിമർശനം ഉയർന്നിരുന്നു. ഇന്ത്യ, ചൈന, സിംഗപ്പൂർ, യൂറോപ്യൻ യൂണിയൻ എന്നിവയെല്ലാം ട്രംപിന്റെ നീക്കത്തിൽ കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു.
ഉൽപാദനം, കയറ്റുമതി, തൊഴിൽ എന്നിവയിൽ നീതിരഹിതമായ ഇടപെടലുകൾ ഇന്ത്യയടക്കമുള്ള വ്യാപാര പങ്കാളികളിൽ നിന്നുണ്ടായോ എന്നാണ് പ്രധാനമായും ട്രംപ് ഭരണകൂടം അന്വേഷിക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ആദ്യഘട്ടം കഴിഞ്ഞ മാർച്ചിൽ ഒപ്പുവയ്ക്കേണ്ടതായിരുന്നു. ഇതു നീണ്ടുപോകാനൊരു കാരണം സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണമാണ്.
∙ അർജന്റീന, ഓസ്ട്രേലിയ, ബഹ്റൈൻ, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, ചിലെ, ഈജിപ്ത്, ഹോങ്കോങ്, ഇറാഖ്, ഇസ്രയേൽ, കസാക്കിസ്ഥാൻ, കുവൈത്ത്, മലേഷ്യ, ന്യൂസിലൻഡ്, നൈരീജിയ, നോർവേ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, റഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, തായ്‍ലൻഡ്, യുഎഇ, വിയറ്റ്നാം, വെനസ്വേല തുടങ്ങിയവ 12.5% തീരുവ ബാധമായ രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
∙ പകരം തീരുവക്കേസിൽ തോറ്റ ട്രംപ് ആദ്യം 10% ഇറക്കുമതി തീരുവ പിന്നീട് എല്ലാ രാജ്യങ്ങൾക്കുംമേൽ പ്രഖ്യാപിച്ചെങ്കിലും അതും കോടതി അസാധുവാക്കിയിരുന്നു. നിലവിൽ പകരംതീരുവ ഏർപ്പെടുത്തുംമുൻപുള്ള നാമമാത്ര തീരുവയാണ് ഇന്ത്യയടക്കം പല രാജ്യങ്ങൾക്കും ബാധകം. ഇതിനുമേലാണ് അധികമായി ഇപ്പോൾ 12.5% വരെ തീരുവ അടിച്ചേൽപ്പിക്കാനുള്ള നീക്കം.






