ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം1.27 ലക്ഷം കോടിയുടെ സെമി കണ്ടക്ടർ 2.0ന് അനുമതിവിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നേട്ടം ഇന്ത്യയ്ക്ക്; ആഗോള ഹബ്ബുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ വന്‍കിട കമ്പനികള്‍അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി ഒരു കോടി ടണ്‍ യൂറിയ വളത്തിന്‍റെ ആഭ്യന്തര ഉത്പാദനശേഷി സൃഷ്‌ടിക്കുന്നതിനായി ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. യൂറിയ സബ്സിഡി തുടരും. ആഭ്യന്തര ഉത്പാദനം കൂട്ടി സ്വയംപര്യാപത കൈവരിക്കുന്നതിലൂടെ സബ്സിഡിയിനത്തില്‍ 9,000 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വളമായ യൂറിയയുടെ ഉത്പാദനം കൂട്ടുന്നതിനായി ഒമ്പതു പുതിയ പ്രകൃതിവാതക അധിഷ്ഠിത യൂറിയ നിര്‍മാണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനെ കേന്ദ്രം പിന്തുണയ്ക്കും.

കഴിഞ്ഞ പത്തു വര്‍ഷത്തില്‍ സ്വകാര്യ മേഖലയിലെ നാലെണ്ണം അടക്കം ആറു പുതിയ യൂറിയ പ്ലാന്‍റുകള്‍ സ്ഥാപിച്ചിരുന്നു. യൂറിയ ഉത്പാദനത്തില്‍ സ്വയംപരാപ്തമാക്കുന്നതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച പുതിയ നിക്ഷേപ ചട്ടക്കൂടെന്ന് വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

യൂറിയ ആവശ്യകത പ്രതിവര്‍ഷം അഞ്ചു ശതമാനം വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ 26.9 ദശലക്ഷം ടണ്‍ യൂറിയ ഉത്പാദനമുണ്ട്. മൊത്തം 40 ദശലക്ഷം ടണ്‍ ആവശ്യമുണ്ട്. 10 ദശലക്ഷം ടണ്ണിന്‍റെ വിടവ് ഇറക്കുമതിയിലൂടെയാണ് നികത്തുന്നത്.

പ്രകൃതിവാതക അധിഷ്ഠിത യൂറിയ നിര്‍മാണ യൂണിറ്റുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കും. യൂറിയ പ്ലാന്‍റ് കമ്പനികള്‍ക്ക് 12 മുതല്‍ 16 ശതമാനം വരെ വരുമാനം (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) ഉറപ്പാക്കും. നിലവിലെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കി നാലു വര്‍ഷത്തിനുശേഷം സ്ഥിര ചെലവുകള്‍ രൂപയാക്കി മാറ്റുന്നതിലൂടെ വിദേശനാണ്യ നഷ്ടസാധ്യത (ഫോറെക്‌സ് റിസ്‌ക്) ലഘൂകരിക്കാനും നയം വിഭാവന ചെയ്യുന്നു.

ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 33 യൂറിയ നിര്‍മാണ യൂണിറ്റുകളുണ്ട്. അവയുടെ ഉത്പാദനശേഷി 269.42 ലക്ഷം മെട്രിക് ടണ്‍ ആണ്. യൂറിയ മേഖലയുടെ നവീകരണം, വിപുലീകരണം, പുനരുജ്ജീവനം, ബ്രൗണ്‍ഫീല്‍ഡ്, ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ എന്നിവയ്ക്കായി കേന്ദ്ര വളം വകുപ്പ് 2012ല്‍ പ്രഖ്യാപിച്ച നിക്ഷേപ നയത്തിന്‍റെ തുടര്‍ച്ചയാണു പുതിയ നയം.

നിലവില്‍ 45 കിലോ യൂറിയ ചാക്കൊന്നിനു സബ്‌സിഡിയോടു കൂടി 242 രൂപയാണു രാജ്യത്തെ ചില്ലറ വില‍്പന വില.

X
Top