
ന്യൂയോർക്ക്: യുഎസ് ട്രഷറിയുടെ ഏറ്റവും ദീര്‍ഘകാലത്തേക്കുള്ള 30 വര്‍ഷത്തെ ബോണ്ടിന്റെ വരുമാനം തുടര്‍ച്ചയായ ആറാം ദിവസവവും ഉയര്‍ന്നു. ആഗോള കടപ്പത്ര വിപണിയിലെ വില്‍പ്പന സമ്മര്‍ദം ശക്തമായതോടെ 30 വര്‍ഷത്തെ ബോണ്ടില്‍ നിന്നുള്ള വരുമാനം 5.61 ശതമാനത്തിന് മുകളിലെത്തി.
2002ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കും കോവിഡ് മഹാമാരിക്കും പിന്നാലെ നിലനിന്ന കുറഞ്ഞ പലിശനിരക്കുകളുടെ കാലഘട്ടത്തിന് മുമ്പ് സാധാരണമായിരുന്ന നിലവാരത്തിലേക്കാണ് ബോണ്ട് യീല്‍ഡ് വീണ്ടും നീങ്ങുന്നത്. ഉയര്‍ന്ന ഇന്ധന വില പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയ്‌ക്ക് വഴിവെച്ചതിനൊപ്പം വന്‍തോതിലുള്ള കോര്‍പറേറ്റ് കടപ്പത്രങ്ങളുടെ വില്‍പ്പന ട്രഷറി വിപണിയിലും സമ്മര്‍ദം ശക്തമാക്കി.
32 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള യുഎസ് ട്രഷറി വിപണിയില്‍ മാസങ്ങളായി വില്‍പ്പന തുടരുകയാണ്. ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന ആശങ്കയും ശക്തമാണ്. 2025 ഏപ്രിലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം വിപണികളെ ഉലച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോണ്ട് വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്.






