
കൊച്ചി: രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിയുമ്പോഴും കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർദ്ധിപ്പിക്കുന്നു. സെപ്തംബറിൽ മാത്രം 61 ടൺ സ്വർണമാണ് കേന്ദ്രബാങ്കുകൾ അധികമായി വാങ്ങിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വാങ്ങലാണിതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.
പോളണ്ടും ചൈനയുമാണ് മുന്നിൽ. ജനുവരി മുതൽ സെപ്തംബർവരെ കേന്ദ്രബാങ്കുകൾ ആകെ 228 ടൺ സ്വർണമാണ് വാങ്ങിയത്. മുൻവർഷത്തെ സമാനകാലയളവിനെക്കാൾ ഏഴ് ശതമാനം കുറവാണിത്. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണയശേഖരം വൈവിദ്ധ്യവത്കരിക്കാനുമാണ് രാജ്യങ്ങൾ സ്വർണത്തിന് പ്രാധാന്യം നൽകുന്നത്. എന്നാൽ ഒക്ടോബറിൽ രാജ്യാന്തര സ്വർണവില 6.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,913 ഡോളറിലെത്തി.
അമേരിക്കൻ പലിശനയത്തിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ ലാഭമെടുപ്പുമാണ് തിരിച്ചടിയായത്.
ഡിസംബറിൽ കേന്ദ്രബാങ്കുകളുടെ വാങ്ങൽ വിലയ്ക്ക് പിന്തുണ നൽകുമെങ്കിലും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശതീരുമാനവും ഡോളറിന്റെ ശക്തിയുമാകും നിർണായകം. പലിശവർദ്ധനയുടെ ആശങ്ക കുറഞ്ഞാൽ വില തിരിച്ചുകയറിയേക്കും.
മറിച്ചായാൽ കൂടുതൽ ഇടിവിനും സാദ്ധ്യതയുണ്ട്. രൂപയുടെ ചലനവും കേരളത്തിലെ സ്വർണവിലയെ ബാധിക്കും.
ജനുവരി-സെപ്തംബർ കേന്ദ്ര ബാങ്കുകൾ വാങ്ങിയ സ്വർണം 228 ടൺ
രണ്ട് മാസത്തിനിടെ സ്വർണ വിലയിലുണ്ടായ ഇടിവ് 18.8%
എന്തുകൊണ്ട് സ്വർണം?
ഡോളറിലുള്ള ആസ്തികളോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ കരുതൽശേഖരം സംരക്ഷിക്കാനുമാണ് കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത്. എന്നാൽ ഈ ദീർഘകാല വാങ്ങൽ ഹ്രസ്വകാല വിലയിടിവ് തടയണമെന്നില്ല.
വില കൂടാനുള്ള സാഹചര്യം
കേന്ദ്രബാങ്കുകളുടെ വാങ്ങൽ ശക്തിപ്പെടുക
ഡോളർ ദുർബലമാകുക
അമേരിക്കൻ പലിശവർദ്ധനയുടെ ആശങ്ക കുറയുക
വില താഴുന്നതിന്
ഡോളറും അമേരിക്കൻ കടപ്പത്ര ആദായവും ഉയരുക
നിക്ഷേപകർ സ്വർണം വിറ്റഴിക്കുക
പലിശവർദ്ധനയുടെ പ്രതീക്ഷ ശക്തമാകുക.






