
കൊച്ചി: ശതാബ്ദി വേളയിൽ അത്യാധുനിക, പരിസ്ഥിതി സൗഹൃദ, പ്രീ ഫാബ് ടെക്നോളജി അധിഷ്ഠിത കെട്ടിട നിർമാണ സംരംഭമായ ‘യു – സ്ഫിയർ’ പ്രഖ്യാപനവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസി) സ്വകാര്യ മേഖലയിലേക്കും.
സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിർമാണ കരാറുകളും അനുബന്ധ ജോലികളും മാത്രം ഏറ്റെടുത്തു നടത്തിയിരുന്ന യുഎൽസിസി വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണു സ്വകാര്യ വാണിജ്യ കെട്ടിട നിർമാണ രംഗത്തേക്കു കടക്കുന്നത്.
കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ പ്ലാന്റിലാണു പ്രീ ഫാബ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്തു കിൻഫ്രയുടെ യൂണിറ്റി മാൾ കെട്ടിടം നിർമിക്കുന്നത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.
120 കോടി രൂപ ചെലവിൽ നിർമിക്കുന്ന മാളിനു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട്. 5 വർഷത്തിനുള്ളിൽ 2000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ കൂടി ലക്ഷ്യമിടുന്ന സൊസൈറ്റി 1,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്നും ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.
കൂടുതൽ വേഗത്തിൽ, പരിസ്ഥിതി സൗഹൃദ നിർമാണ മാർഗങ്ങൾ ഉപയോഗിച്ചു കെട്ടിട നിർമാണം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘യു – സ്ഫിയർ’ ബ്രാൻഡ് അവതരിപ്പിക്കുന്നത്.
കോൺക്രീറ്റ് ഉപയോഗം കഴിയുന്നത്ര കുറച്ചു സ്റ്റീൽ, ഇപിഎസ് – എഎസി പാനലുകൾ ഉപയോഗിച്ചാകും നിർമാണം. വലിയ വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിങ് മാളുകൾ, സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം നിർമിക്കും.
സൊസൈറ്റി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എംഡി എസ്.ഷാജി പറഞ്ഞു.