
ന്യൂഡൽഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വ്യാവസായിക മേഖലയ്ക്ക് ഉണര്‍വേകി അടിസ്ഥാന സൗകര്യ വികസന നിരക്കില്‍ മികച്ച മുന്നേറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ മാസത്തില്‍ പ്രധാന എട്ട് കോര്‍ മേഖലകളുടെ വളര്‍ച്ച 1.7 ശതമാനമായി ഉയര്‍ന്നു.
മാര്‍ച്ചിലെ പുതുക്കിയ വളര്‍ച്ചാ നിരക്കായ 1.2 ശതമാനത്തില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യം തുടര്‍ച്ചയായ ആറാം മാസമാണ് കോര്‍ മേഖലയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നത്. ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുമ്പോഴും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് നിര്‍ണായക വ്യവസായങ്ങളിലെ ഈ മുന്നേറ്റം.
നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ വന്‍ ഡിമാന്‍ഡാണ് ഏപ്രിലിലെ തിരിച്ചുവരവിന് പ്രധാന ചാലകശക്തിയായത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.4 ശതമാനം വളര്‍ച്ചയാണ് സിമന്റ് ഉല്‍പ്പാദനത്തില്‍ ഉണ്ടായത്. ഇതിന് പിന്നാലെ സ്റ്റീല്‍ ഉല്‍പ്പാദനം 6.2 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം 4.1 ശതമാനവും വര്‍ദ്ധിച്ചു.
ദേശീയപാതകള്‍, റെയില്‍വേ, തുറമുഖ നവീകരണം എന്നിവയുള്‍പ്പെടെയുള്ള വലിയ തോതിലുള്ള പൊതു പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മൂലധനച്ചെലവാണ് ആഭ്യന്തര വിപണിയില്‍ ഓര്‍ഡറുകള്‍ സജീവമായി നിലനിര്‍ത്തിയത്. ഇത് ആഗോള പ്രതിസന്ധികളുടെ ആഘാതത്തില്‍ നിന്നും ഈ മേഖലകളെ ഒരു പരിധി വരെ സംരക്ഷിക്കുകയും ചെയ്തു.
എന്നാല്‍, ഒരേസമയം രണ്ടു വേഗതയിലാണ് കോര്‍ മേഖല സഞ്ചരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍മ്മാണവും വൈദ്യുതിയും കുതിച്ചുകയറിയപ്പോള്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം മറ്റ് അഞ്ച് പ്രധാന വ്യവസായങ്ങളെ സാരമായി ബാധിച്ചു. ആഗോള ഊര്‍ജ്ജ-ചരക്ക് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ കാരണം കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 8.7 ശതമാനവും വളം ഉല്‍പ്പാദനത്തില്‍ 8.6 ശതമാനവും ഇടിവുണ്ടായി. കൂടാതെ, ഹൈഡ്രോകാര്‍ബണ്‍ വിഭാഗത്തില്‍ പ്രകൃതിവാതകം 4.3 ശതമാനവും അസംസ്‌കൃത എണ്ണ 3.9 ശതമാനവും പെട്രോളിയം ശുദ്ധീകരണ ഉല്‍പ്പന്നങ്ങള്‍ 0.5 ശതമാനവും വീതം തകര്‍ച്ച നേരിട്ടു.
ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ 40.27 ശതമാനവും കൈയാളുന്നത് ഈ എട്ട് പ്രധാന വ്യവസായങ്ങളായതിനാല്‍, ഏപ്രിലിലെ ഡാറ്റയെ സമ്മിശ്രമായ സൂചനകളോടെയാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ വിതരണ തടസ്സങ്ങളെ മറികടക്കാന്‍ ഇന്ത്യയുടെ ആഭ്യന്തര വികസന കുതിപ്പിന് എത്രത്തോളം സാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.






