നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ ഉയര്‍ന്നേക്കുംഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചുഏപ്രിലില്‍ കോര്‍ മേഖലയ്ക്ക് 1.7% വളര്‍ച്ച

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ ഒന്നിനു പ്രാബല്യത്തിലായേക്കും. ഡിസംബറിലാണ് ഇരുരാജ്യങ്ങളും ചേർന്ന് കരാർ ഒപ്പിട്ടത്.
കരാർ യാഥാർഥ്യമായാൽ, ഹോർമുസ് കടലിടുക്കിന്റെ പരിധിയിൽ വരാത്ത, ഒമാനിലെ സലാല, ദുഖം തുറമുഖങ്ങൾ വഴി പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയ്ക്കു കയറ്റുമതി വർധിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഹോർമുസ് കടലിടുക്കിനു സമീപമുള്ള തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിനു ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

നിലവിൽ ഒമാൻ 5% മുതൽ 100% ഇറക്കുമതി തീരുവ ചുമത്തുന്ന ജ്വല്ലറി, തുണിത്തരങ്ങൾ, ലെതർ, ഫുട്‍വെയർ, സ്പോർട്സ് ഗുഡ്സ്, പ്ലാസ്റ്റിക്സ്, ഫർണിച്ചർ, കാർഷിക ഉൽപന്നങ്ങൾ, ഫാർമ ഉൽപന്നങ്ങൾ, ഓട്ടമൊബീൽ തുടങ്ങിയവയ്ക്ക് കരാറിലൂടെ തീരുവ പൂർണമായി ഒഴിവാകും. പകരം, ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയയ്ക്കുന്ന ഉൽപന്നങ്ങളിൽ 94.81 ശതമാനത്തിനും തീരുവയിളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒമാനിലെ പ്രധാന സേവന മേഖലകളിൽ 100% വിദേശ നിക്ഷേപത്തിനുള്ള (എഫ്ഡിഐ) അവസരവും ഇന്ത്യൻ കമ്പനികൾക്കു ലഭിക്കും. കരാർ അടിസ്ഥാനത്തിൽ സേവനം നൽകാൻ ഒമാനിലേക്കു പോകുന്ന വിദഗ്ധർക്ക് അവിടെ താമസിക്കുന്നതിനുള്ള കാലാവധി 2 വർഷമായി വർധിക്കും. 2 വർഷത്തിനു ശേഷം 2 വർഷത്തേക്കു കൂടി നീട്ടാനും വ്യവസ്ഥയുണ്ട്. നിലവിലിത് 90 ദിവസമാണ്. ഐടി വിദഗ്ധർ, കൺസൽറ്റന്റുമാർ, അധ്യാപകർ, ഡോക്ടർമാർ, ഗവേഷകർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും.

ഒമാനിൽ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാർ വഴി ലഭ്യമാകും.

ഇന്ത്യൻ കമ്പനിയിലെ 20% ജീവനക്കാരെ മാത്രമേ അതേ കമ്പനിയുടെ ഒമാൻ ശാഖയിലേക്കു (ഇൻട്ര–കോർപറേറ്റ് ട്രാൻസഫറീസ്–ഐസിടി) മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ഇത് 50 ശതമാനമാക്കും.

X
Top