
ലണ്ടൻ: ആറാഴ്ച മുൻപ് മാത്രം യുകെയുടെ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ലിസ് ട്രസ്സ് ഇന്നലെ ആ സ്ഥാനം രാജിവെച്ചു. ട്രസ്സിന്റെ സാമ്പത്തിക പരിപാടി വിപണിയിൽ ഞെട്ടലുണ്ടാക്കുകയും കൺസർവേറ്റീവ് പാർട്ടിയെ ഏകദേശം വിഭജനത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തിരുന്നു. പുതിയ നേതൃ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച പൂർത്തിയാകും.
നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിന്റെ വാതിലിനു പുറത്ത് സംസാരിച്ച ട്രസ്, കൺസർവേറ്റീവ് നേതാവായി മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് സമ്മതിച്ചു.
“ഇന്ന് രാവിലെ ഞാൻ കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡിയെ കണ്ടു. നേതൃ തിരഞ്ഞെടുപ്പ് അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകുമെന്ന് കരുതുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ദേശീയ സുരക്ഷയും നിലനിർത്തുന്നതിനുള്ള പാതയിൽ ഞങ്ങൾ തുടരും”, അവർ ഇന്നലെ പറഞ്ഞു.
പ്രധാനമന്ത്രിയായി ആറാഴ്‌ചയ്‌ക്കുള്ളിൽ, പ്രമാദമായ സാമ്പത്തിക തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെയും രാജ്യത്തിൻറെ സമ്പദ്ഘടനയുടെയും തകർച്ചയ്‌ക്ക് കാരണമായതിനെത്തുടർന്ന് എല്ലാ നയപരിപാടികളും ഉപേക്ഷിക്കാൻ ട്രസ് നിർബന്ധിതയായി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സർക്കാരിലെ ഏറ്റവും മുതിർന്ന നാല് മന്ത്രിമാരിൽ രണ്ടുപേരെ അവർക്ക് നഷ്ടപ്പെട്ടു.
കൺസർവേറ്റീവ് ലീഡിൽ ട്രസിനെതിരെ മത്സരിച്ച ഇന്ത്യൻ വംശജനായ റിഷി സുനക് പുതിയ പ്രധാനമന്ത്രിയാവാൻ സാധ്യതയുണ്ടെന്നാണു രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.