രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്. എല്ലാ രൂപത്തിലുമുള്ള വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ, കഴിഞ്ഞ മാസം ഇറക്കുമതിയില്‍ 87 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന് ആവശ്യമായ വെള്ളിയുടെ 80 ശതമാനത്തിലധികവും വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഈ പിന്മാറ്റം ആഗോള വിപണിയിലെ വെള്ളിവിലയെ ബാധിച്ചേക്കാം. അതേസമയം, രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യത്തിലെ ഇടിവ് തടയാനും ഈ കുറവ് സഹായിക്കും.

കണക്കുകള്‍ പറയുന്നത്
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 566.22 ദശലക്ഷം ഡോളറായിരുന്നു വെള്ളി ഇറക്കുമതിയെങ്കില്‍, ഈ വര്‍ഷമത് 75.57 ദശലക്ഷം ഡോളറായി കൂപ്പുകുത്തി. ഇറക്കുമതി ചെയ്ത അളവ് കണക്കാക്കുകയാണെങ്കില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 94 ശതമാനത്തിന്റെ കുറവാണുണ്ടായത്. വെറും 33 മെട്രിക് ടണ്‍ വെള്ളി മാത്രമാണ് മെയ് മാസത്തില്‍ രാജ്യത്ത് എത്തിയത്. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവാണിത്.

നിയന്ത്രണങ്ങളും തീരുവ വര്‍ദ്ധനവും
മെയ് പകുതിയോടെയാണ് വെള്ളി ഇറക്കുമതിക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ മാസം ആദ്യം ഈ നിബന്ധനകള്‍ ഒന്നുകൂടി കടുപ്പിച്ചു. വെള്ളി തരികളും പൊടിയും ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. കൂടാതെ, സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കേന്ദ്രം അടുത്തിടെ ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന എണ്ണവിലയുടെ പശ്ചാത്തലത്തില്‍ വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാനും അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനുമാണ് ഈ നീക്കം.

വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും നിക്ഷേപവും
മാര്‍ച്ചില്‍ അവസാനിച്ച 2025-26 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ഇന്ത്യ വെള്ളി ഇറക്കുമതി ചെയ്തത് – ഏകദേശം 1200 കോടി ഡോളര്‍. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് വെറും 480 കോടി ഡോളര്‍ മാത്രമായിരുന്നു. ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയ്ക്ക് പുറമെ സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വ്യാവസായിക ആവശ്യങ്ങള്‍ക്കും ഇന്ത്യയില്‍ വെള്ളി വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി, ആഭരണങ്ങള്‍ക്കും പാത്രങ്ങള്‍ക്കും വേണ്ടിയുള്ള പരമ്പരാഗത ആവശ്യകതയേക്കാള്‍ ‘നിക്ഷേപം’ എന്ന നിലയിലാണ് ആളുകള്‍ വെള്ളിയെ കൂടുതലായി കാണുന്നത്. സില്‍വര്‍ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം റെക്കോര്‍ഡ് ഉയരത്തിലെത്തിയതും ഇത് സൂചിപ്പിക്കുന്നു. പ്രധാനമായും യുഎഇ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വെള്ളി എത്തുന്നത്.

X
Top