
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പൂക്കാലം. അടുത്ത ആഴ്ച ഇന്ത്യൻ ഓഹരി വിപണിയിലെത്തുന്നത് മൂന്ന് പ്രധാന ഐപിഒകൾ. ഏകദേശം 10,000 കോടി രൂപയാണ് ഇവർ വിപണിയിൽനിന്ന് സമാഹരിക്കുന്നത്. നിക്ഷേപകർ ഏറെക്കാലമായി കാത്തിരുന്ന എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് അടക്കമുള്ള കമ്പനികളാണ് ഐപിഒക്കായി തയാറെടുക്കുന്നത്. നാലുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ വാങ്ങലുകാരായി തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഈ ഐപിഒകളെന്നതും ശ്രദ്ധേയം.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എസ്ബിഐയും ഫ്രഞ്ച് അസെറ്റ് മാനേജ്മെന്റ് കമ്പനിയായ അമുൻഡിയും പ്രമോട്ടർമാരായ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റുമാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പണം സമാഹരിക്കുന്നത്– 9812.91 കോടി രൂപ. നേരത്തേ 11,692.9 കോടി രൂപ സമാഹരിക്കാനായിരുന്നു പദ്ധതിയെങ്കിലും പ്രീ ഐപിഒ റൗണ്ടിലെ ഫണ്ടു ശേഖരണത്തിനു ശേഷം തീരുമാനം മാറ്റുകയായിരുന്നു.
545-574 രൂപ പ്രൈസ് ബാൻഡിൽ 17.09 ഓഹരികളാണ് സമാഹരിക്കുന്നത്. പൂർണമായും ഓഫർ ഫോർ സെയിൽ രൂപത്തിലാണ് വിൽപന. അതായത് പുതിയ ഓഹരികളൊന്നും പുറത്തിറക്കുന്നില്ല. നിലവിലെ പ്രമോട്ടർമാർ അവരുടെ ഓഹരി വിൽക്കുക മാത്രമാണ് ചെയ്യുന്നത്. ഐപിഒക്കു ശേഷം കമ്പനിക്ക് 1.17 ലക്ഷം രൂപ വിപണിമൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.
ജൂലൈ 14നാണ് ഐപിഒ തുടങ്ങുന്നത്. 16 വരെ സബ്സ്ക്രൈബ് ചെയ്യാൻ സമയമുണ്ട്.
ഗുജറാത്ത് കമ്പനിയായ ആൽപൈൻ ടെക്സ് വേൾഡ് 126.5 കോടി രൂപയും സമാഹരിക്കുന്നുണ്ട്. 1.2 കോടി ഓഹരികളാണ് കമ്പനി വിപണിയിൽ ഇറക്കുന്നത്.
പൂർണമായും ഫ്രഷ് ഇഷ്യൂ വഴിയാണ്. 401.5 കോടി രൂപ കമ്പനിയുടെ മൂല്യം കണക്കാക്കി 100-105 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും വായ്പ തിരിച്ചടയ്ക്കാനുമാണ് ഈ പണം ഉപയോഗിക്കുക. ജൂലൈ 14ന് തുറക്കുന്ന ഐപിഒ 16ന് അവസാനിക്കും.
ഇതിനു പുറമേ എസ്എംഇ വിഭാഗത്തിൽ മിൽവർക്സ് ടെക്നോളജീസ് ലിമിറ്റഡും 160.3 കോടി രൂപ സമാഹരിക്കുന്നുണ്ട്. 315-331 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു രണ്ട് ഐപിഒകളെയും പോലെ ജൂലൈ 14ന് തുടങ്ങുന്ന ഐപിഒ 16ന് അവസാനിക്കും.
വിദേശികൾ തിരിച്ചെത്തി
തുടർച്ചയായ നാലു മാസത്തെ ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകർ ജൂലൈയിൽ വാങ്ങലുകാരായി. ഇതുവരെ 15,157 കോടി രൂപയുടെ ഓഹരികളാണ് വിദേശികൾ വാങ്ങിയത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കും മെച്ചപ്പെട്ടതോടെയാണിത്.
ജൂണിൽ 49,340 കോടി രൂപയുടെയും മേയിൽ 32,963 കോടി രൂപയുടെയും ഏപ്രിലിൽ 60,847 കോടി രൂപയുടെയും മാർച്ചിൽ 1.17 ലക്ഷം കോടി രൂപയുടെയും തുല്യമായ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽനിന്ന് വിദേശികൾ പിൻവലിച്ചത്. ഫെബ്രുവരിയിൽ 22,615 കോടി രൂപ വിദേശികൾ നിക്ഷേപിച്ചിരുന്നു.






