
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നിർദിഷ്‌ട വികസന പദ്ധതിക്ക് സംസ്ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി പരിസ്ഥിതി അനുമതി നൽകി. കർശനമായ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകൾക്ക് വിധേയമായാണ് അനുമതി. തീരദേശ നിയന്ത്രണ മേഖല അനുമതിയും ഉൾപ്പെടുത്തി 10 വർഷത്തേക്കുള്ള സംയോജിത പരിസ്ഥിതി അനുമതിയാണ് സമിതി ശുപാർശ ചെയ്‌തിരിക്കുന്നത്. വിമാനത്താവള വികസനത്തിൻ്റെ ഭാഗമായി മഴവെള്ളം സമീപത്തെ പാർവതി പുത്തനാർ കനാലിലേക്ക് ഒഴുക്കിവിടുന്നതിന് മുമ്പ് കൃത്യമായി രൂപകൽപ്പന ചെയ്‌ത ഓയിൽ-വാട്ടർ സെപ്പറേറ്ററുകളും സിൽറ്റ് ട്രാപ്പുകളും സ്ഥാപിക്കണമെന്ന് സമിതി നിർദേശിച്ചു. വിമാനത്താവള പരിസരത്തുനിന്നുള്ള മലിനജലം കനാലിൽ എത്തുന്നതും ജലപാത മലിനമാകുന്നതും തടയുന്നതിനാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളത്.
രണ്ട് ഹെക്‌ടർ പ്രത്യേക ഹരിതമേഖല
പദ്ധതിയുടെ ലാൻഡ്‌സ്കേപ്പ് മാസ്റ്റർ പ്ലാൻ പ്രകാരം രണ്ട് ഹെക്‌ടർ വിസ്‌തൃതിയിൽ പ്രത്യേക ഹരിതമേഖല നിർബന്ധമായും നിലനിർത്തണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. വികസനത്തിൻ്റെ ഭാഗമായി ഏകദേശം 280 മരങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇവയിൽ തടി ലഭിക്കുന്ന ഇനങ്ങൾക്ക് മുൻഗണന നൽകി കഴിയുന്നത്ര മരങ്ങൾ മാറ്റിനടണമെന്ന് വിലയിരുത്തൽ സമിതി നിർദേശിച്ചു.
ർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന മണ്ണും മറ്റ് ഖനന വസ്‌തുക്കളും പദ്ധതിപ്രദേശത്ത് തന്നെ ശേഖരിച്ച് പരമാവധി പുനരുപയോഗിക്കുമെന്ന് പദ്ധതി നിർവഹണ ഏജൻസി വിദഗ്‌ധ വിലയിരുത്തൽ സമിതിയെ അറിയിച്ചിട്ടുണ്ട്. ഭൂനിരപ്പ് ഉയർത്തൽ, ബാക്ക്ഫില്ലിങ്, മറ്റ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി ഇവ പരമാവധി ഉപയോഗപ്പെടുത്തും. നേരത്തെ സമർപ്പിച്ച കോർപ്പറേറ്റ് എൻവയോൺമെൻ്റൽ റെസ്പോൺസിബിലിറ്റി പദ്ധതി തൃപ്‌തികരമല്ലെന്ന് സമിതി വിലയിരുത്തിയിരുന്നു. മണ്ണ് നീക്കം ചെയ്യേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് വ്യക്തത വരുത്തുകയും പരിഷ്‌കരിച്ച പദ്ധതി സമർപ്പിക്കാൻ വിമാനത്താവള അധികൃതരോട് സമിതി നിർദേശിച്ചിരുന്നു.
നിർമാണത്തിനിടെ ലഭിക്കുന്ന മണ്ണ് പദ്ധതിപ്രദേശത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട അധികാരികളും ഏജൻസികളും നിർദേശിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണം. പുറത്തുനിന്ന് നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനും ഇതേ നടപടിക്രമങ്ങൾ ബാധകമായിരിക്കും. പദ്ധതിപ്രദേശത്ത് ലഭിക്കുന്ന നിർമാണ സാമഗ്രികൾ പരമാവധി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാണ് മുൻഗണന നൽകുക.
ശേഷി 2.7 കോടി യാത്രക്കാരായി ഉയരും
18,707 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തിരുവനന്തപുരം വിമാനത്താവള വികസന പദ്ധതിയിലൂടെ വിമാനത്താവളത്തിൻ്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവർഷം 2.7 കോടി (27 മില്യൺ) യാത്രക്കാരായി ഉയർത്തുകയാണ് ലക്ഷ്യം. നിലവിലെ ശേഷിയെ ഗണ്യമായി വർധിപ്പിക്കുന്ന പദ്ധതിയിൽ പ്രതിവർഷം 4.2 ലക്ഷം ടൺ (0.42 മില്യൺ ടൺ) ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും.
പദ്ധതിയുടെ ഭാഗമായി നിലവിലെ ടെർമിനൽ പുനർവികസനം, പുതിയ കാർഗോ കോംപ്ലക്‌സ്, എയർക്രാഫ്റ്റ് അപ്രണുകളുടെയും ടാക്‌സിവേകളുടെയും നവീകരണം തുടങ്ങിയവ നടപ്പാക്കും. യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനായി സുസ്ഥിരവും ആധുനികവുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
6.88 ഹെക്‌ടർ അധിക ഭൂമി
നിലവിലുള്ള 248.29 ഹെക്‌ടർ ഭൂമിക്ക് പുറമെ 6.88 ഹെക്‌ടർ അധിക ഭൂമിയും പദ്ധതിക്ക് ആവശ്യമായി വരും. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിമാനത്താവളത്തിൻ്റെ എയർസൈഡ്, ലാൻഡ്സൈഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് അധിക ഭൂമി ആവശ്യമായി വരുന്നത്.
പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനായി വിമാനത്താവള അധികൃതർ 184.45 കോടി രൂപ മൂലധന ചെലവും പ്രതിവർഷം 24.08 കോടി രൂപ ആവർത്തന ചെലവും പരിസ്ഥിതി മാനേജ്‌മെൻ്റ് പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നടപടികൾ, ജലമലിനീകരണം തടയൽ, ഹരിതമേഖല സംരക്ഷണം, മരങ്ങളുടെ മാറ്റിനടൽ തുടങ്ങിയ വിവിധ നടപടികൾ ഇതിൻ്റെ ഭാഗമായി നടപ്പാക്കേണ്ടിവരും.
സംസ്ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും വികസന പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടത്. പരിസ്ഥിതി സംരക്ഷണവും വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും ഒരേസമയം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളോടെയാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചിരിക്കുന്നത്.






