കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം വൈകുന്നു ◆ ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆

ടെലിവിഷൻ ചാനലുകളുടെ 12 മിനിറ്റ് പരസ്യ സമയ പരിധി എടുത്തുമാറ്റി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ പരസ്യ സമയത്തിന് ഏർപ്പെടുത്തിയിരുന്ന 12 മിനിറ്റ് എന്ന പരിധി നീക്കം ചെയ്യുന്നതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഐ & ബി) പ്രഖ്യാപിച്ചു. ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നിർണായക തീരുമാനം.

1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. 2006-ലാണ് അന്നത്തെ കേബിൾ ടിവി നിയമപ്രകാരം സർക്കാർ 12 മിനിറ്റ് പരസ്യ പരിധി ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടെലിവിഷൻ പ്രക്ഷേപണ മേഖലയിൽ ഉണ്ടായ വൻ മാറ്റങ്ങളാണ് പുതിയ തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്. 2006-ൽ ഇന്ത്യയിൽ ആകെ 62 ടെലിവിഷൻ ചാനലുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് 900-ൽ അധികമായി ഉയർന്നിട്ടുണ്ട്.

അന്നത്തെ അനലോഗ് സാങ്കേതികവിദ്യയിൽ നിന്ന് മാറി കേബിൾ ടെലിവിഷൻ മേഖല പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ടതോടെ പ്രക്ഷേപണ രംഗം തന്നെ മാറിമറിഞ്ഞു.

ഡി.ടി.എച്ച്., കേബിൾ ടിവി, ഐ.പി.ടി.വി. പ്ലാറ്റ്‌ഫോമുകൾ വഴി ഇപ്പോൾ ഒരേസമയം 300 മുതൽ 500-ലധികം ചാനലുകൾ ലഭ്യമാണ്. ഇത് കാഴ്ചക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ സമ്മാനിച്ചിട്ടുണ്ട്.
ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായ പരസ്യ സമയ പരിധികൾ ഇല്ലാത്തതിനാൽ പരമ്പരാഗത ടെലിവിഷൻ ചാനലുകൾ കടുത്ത വിപണി മാത്സര്യത്തിൽ പിന്നിലായിരുന്നു.

പരസ്യ വരുമാനത്തെ വലിയ തോതി ആശ്രയിക്കുന്ന പേ, ഫ്രീ-ടു-എയർ ചാനലുകൾക്ക് ഈ നിയന്ത്രണം തിരിച്ചടിയായിരുന്നു.

പരസ്യ സമയ പരിധി ഒഴിവാക്കുന്നത് ഈ അസമത്വം പരിഹരിക്കാനും, ടിവി വ്യവസായത്തിനുള്ളിലും ഡിജിറ്റൽ മീഡിയയുമായുള്ള മത്സരത്തിലും ചാനലുകൾക്ക് തുല്യാവസരം ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

X
Top