
തിരുവനന്തപുരം: കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം ഈ സീസണിൽ 30,000 മെട്രിക് ടൺ മിൽ കൊപ്രയും 3000 മെട്രിക് ടൺ ഉണ്ട കൊപ്രയും സംസ്ഥാനത്ത് കർഷകരിൽ നിന്ന് സംഭരിക്കും.
മിൽ കൊപ്ര ക്വിന്റലിന് 11,582 രൂപ നിരക്കിലും ഉണ്ട കൊപ്ര ക്വിന്റലിന് 12,100 രൂപ നിരക്കിലുമാണ് സംഭരിക്കുക. കൊപ്ര സംഭരണത്തിന്റെ സീലിങ് ഒരു തെങ്ങിൽ നിന്ന് 70 തേങ്ങ എന്ന രീതിയിൽ കണക്കാക്കിയാണ് സംഭരണം.
സംഭരണം ആരംഭിക്കുന്ന തീയതി മുതൽ 3 മാസത്തേക്കു താങ്ങുവില പദ്ധതി പ്രകാരം ഗുണനിലവാരമുള്ള കൊപ്ര സംഭരിച്ച് നാഫെഡ്/നാഷനൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) എന്നിവർക്കു കൈമാറുന്നതിന് സർക്കാർ അംഗീകാരം നൽകി.
കൊപ്ര സംഭരണത്തിനായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
താങ്ങുവില പദ്ധതി പ്രകാരമുള്ള മാനദണ്ഡങ്ങൾ പ്രകാരം മിൽകൊപ്രയും ഉണ്ട കൊപ്രയും കേരളത്തിൽ നിന്നു സംഭരിക്കാൻ കേന്ദ്ര കാർഷികമന്ത്രാലയം അനുമതി നൽകിയിരുന്നു.
സംഭരണ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുന്നതിന് മോണിറ്ററിങ് സമിതികൾ രൂപീകരിച്ചു.