ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് വൈകില്ല

ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് (എൻ.എച്ച്.സി.എക്സ്.) സംവിധാനം ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പദ്ധതിയെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി. ഒരുവർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
ഏകീകൃതസംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകും. സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. മോദിസർക്കാർ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് വിഭാവനംചെയ്യുന്ന 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൂടിയാണ് നീക്കം.
നാഷണൽ ഹെൽത്ത് അതോറിറ്റിയും (എൻ.എച്ച്.എ.) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (ഐ.ആർ.ഡി.എ.ഐ.) ചേർന്നാണ് ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് നടപ്പാക്കുന്നത്. 2023-ൽ ഇതിന് രൂപംനൽകിയെങ്കിലും പദ്ധതി നിലവിൽ വന്നിട്ടില്ല.
ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും പദ്ധതിയുടെ ഭാഗമായിരിക്കും. എല്ലാ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവഴിയാക്കും. അതോടെ കടലാസുരഹിതമായി നടപടിക്രമങ്ങൾ നീങ്ങും. ഓൺലൈനായി നടക്കുന്നതിനാൽ കാലതാമസമില്ലാതാകും. ക്ലെയിമുകൾ പാസാക്കാനുള്ള ഭരണപരമായ ബുദ്ധിമുട്ട് ആശുപത്രികൾക്ക് ഒഴിവാകും. മാത്രമല്ല, ക്ലെയിം നേടിയെടുക്കാനുള്ള നൂലാമാലകളിൽ നിന്ന് രോഗികൾക്ക് മോചനവുമാകും.
മുപ്പതോളം ഇൻഷുറൻസ് കമ്പനികൾ ഇതിനകം പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് വിവരം. വിപുലമായ രീതിയിൽ ആശുപത്രികളെക്കൂടി ചേർക്കും. എൻ.എച്ച്.സി.എക്സ്. പ്രോത്സാഹിപ്പിക്കാൻ ആശുപത്രികൾക്ക് സാമ്പത്തിക ഇളവു നൽകുന്നതും ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നുണ്ട്.
വർഷങ്ങളായി നിലവിലിരിക്കുന്ന രീതി അപ്പാടെ മാറ്റി പൂർണമായി ഡിജിറ്റലായിമാറാൻ സമയമെടുത്തേക്കുമെന്നതാണ് പദ്ധതിയെ സംബന്ധിച്ച വെല്ലുവിളികളിൽ പ്രധാനം. രോഗികളുടെ ചികിത്സാവിവരങ്ങളും ഇൻഷുറൻസ് വിവരങ്ങളുമെല്ലാം കൂട്ടത്തോടെ ഡിജിറ്റലായി സൂക്ഷിക്കുമ്പോൾ ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കളുമുയരുന്നുണ്ട്.

X
Top