
നിർമ്മിത ബുദ്ധിയുടെ വരവോടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ കമ്പനികൾ കൂട്ടത്തോടെ തിരികെ വിളിക്കുന്നതായി പുതിയ റിപ്പോർട്ട്. ടാലന്റ് അസ്സെസ്മെന്റ് സ്ഥാപനമായ എസ്എച്ച്എൽ നടത്തിയ സർവേയിലാണ് ‘എഐ റീബൗണ്ടിങ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രവണത വ്യക്തമാകുന്നത്.
അമേരിക്കയിലും ബ്രിട്ടനും അടക്കം ഇത് വ്യാപകമായിക്കഴിഞ്ഞു. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും എഐക്ക് കൃത്യതയോടെ ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഇത്തരം ഒരു മാറ്റത്തിന് കമ്പനികളെ നിർബന്ധിതരാക്കിയത്. അമേരിക്കയിൽ അഞ്ചിൽ ഒരാൾ എന്ന തോതിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് സ്ഥാപനങ്ങളിൽ നിന്ന് തിരികെ വിളിയെത്തുന്നുണ്ട്.
എന്നാൽ, ജോലിയിൽ നിന്ന് ഒഴിവാക്കിയ ജീവനക്കാരെ തിരികെയെത്തിക്കുക എന്നത് സ്ഥാപനങ്ങൾക്ക് അത്ര എളുപ്പമല്ല. മടങ്ങിവരാൻ തയ്യാറായവരിൽ 51 ശതമാനം പേരും മുൻപത്തേക്കാൾ ഉയർന്ന ശമ്പളമാണ് ആവശ്യപ്പെടുന്നത്. കൂടാതെ 42 ശതമാനം പേർ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന രേഖാമൂലമുള്ള കരാറുകളും 40 ശതമാനം പേർ തങ്ങളുടെ ജോലിയിൽ എഐയുടെ ഇടപെടൽ എങ്ങനെയെന്നതിൽ വ്യക്തതയും ആവശ്യപ്പെടുന്നു.
ജീവനക്കാരുടെ കഴിവുകൾ വേണ്ടത്ര വിലയിരുത്താതെ ഓട്ടോമേഷനിലേക്ക് കടന്നതാണ് പല കമ്പനികൾക്കും പിന്നീട് തിരിച്ചടിയായത്.






