
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ പോളിമർ (പ്ലാസ്റ്റിക്) 10, 20 രൂപ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കാൻ ഒരുങ്ങുന്നു. ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോവുകയാണെങ്കിൽ, അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, അതായത് 2027 ഏപ്രിൽ 1 മുതൽ ഈ പോളിമർ നോട്ടുകൾ വിതരണത്തിനെത്തിക്കാനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നതെന്ന് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ടുകളുടെ അളവുകളിൽ മാറ്റമുണ്ടാകുമോ?
നിലവിലുള്ള കടലാസ് ₹10, ₹20 നോട്ടുകളുടെ അതേ അളവുകൾ (Dimensions) തന്നെയാണ് പുതിയ പോളിമർ നോട്ടുകൾക്കും നിലനിർത്തുക. അളവുകളിൽ മാറ്റം വരുത്താത്തത് ബാങ്കുകൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ആശ്വാസം നൽകും.
പുതിയ അളവിലുള്ള നോട്ടുകൾക്കായി എ.ടി.എമ്മുകൾ (ATM) വീണ്ടും റീകൺഫിഗർ ചെയ്യുന്നതിനുള്ള വലിയ മുൻകൂര്‍ മൂലധനച്ചെലവ് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ബാങ്കിംഗ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
പരീക്ഷണത്തിന്റെ ലക്ഷ്യവും സവിശേഷതകളും:
ആർ.ബി.ഐയുടെ ഉപകമ്പനിയായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) പോളിമർ ഷീറ്റുകൾ ലഭ്യമാക്കുന്നതിനായി ആഗോള തലത്തിൽ താല്പര്യപത്രം (EOI) ക്ഷണിച്ചിട്ടുണ്ട്.
ആദ്യഘട്ട പരീക്ഷണത്തിനായി ₹10, ₹20 വിഭാഗങ്ങളിൽ 100 കോടി (1 billion) വീതം ആകെ 200 കോടി (2 billion) പോളിമർ നോട്ടുകളാണ് വിപണിയിലിറക്കുന്നത്. പോളിമർ നോട്ടുകളുടെ ഈടുനിൽപ്പ് (Durability), ജനങ്ങളുടെ സ്വീകാര്യത, വിപണിയിലെ കൈകാര്യം ചെയ്യാനുള്ള എളുപ്പം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്താനാണ് ഈ പരീക്ഷണം നടത്തുന്നത്. ചെറിയ മൂല്യമുള്ള നോട്ടുകൾ വേഗത്തിലും നിരന്തരമായും കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ (High velocity) പോളിമർ നോട്ടുകളുടെ ഉപയോഗം ഇവയ്ക്ക് കൂടുതല്‍ ഈട് നൽകും.
കടലാസ് നോട്ടുകള്‍: ഈ പോളിമർ നോട്ടുകൾ നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പൂർണമായി പകരമാകില്ല; മറിച്ച് കടലാസ് നോട്ടുകൾക്കൊപ്പം തന്നെ പോളിമർ നോട്ടുകളും വിപണിയിൽ ഉപയോഗത്തിലുണ്ടാകും.
കൂടാതെ, ഉയർന്ന മൂല്യമുള്ള മറ്റ് നോട്ടുകളിൽ പോളിമർ പതിപ്പുകൾ കൊണ്ടുവരാൻ നിലവിൽ പദ്ധതികളൊന്നുമില്ല. പുതിയ 1000 രൂപ പോളിമർ നോട്ടുകൾ വരുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB FactCheck) സ്ഥിരീകരിച്ചിട്ടുണ്ട്.






