
കൊച്ചി: ഡി.എ.പി, മറ്റ് നൈട്രജൻ ഫോസ്‌ഫറസ് വളങ്ങളുടെ സബ്സിഡി 62,370.02 കോടിയായി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് 2026-27 റാബി സീസണിലേക്ക് ഒക്ടോബർ 1 മുതൽ അടുത്ത മാർച്ച് വരെ ഉയർത്തിയതായി പ്രഖ്യാപിച്ചത്. ആഗോള വിപണിയിലെ വിലക്കയറ്റം കണക്കിലെടുത്താണ് റാബി സീസണിലേക്കുള്ള പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയത്.
ഡി.എ.പി ഉൾപ്പെടെയുള്ള രാസവളങ്ങൾ കർഷകർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആഗോള വിപണിയിൽ ഫോസ്‌ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നാലും അതിന്റെ ഭാരം കർഷകരിലേക്ക് എത്താതിരിക്കാൻ സർക്കാർ ഈ അധിക ബാദ്ധ്യത സബ്സിഡിയായി വഹിക്കുകയാണ്.
പ്രധാന വളങ്ങൾ കർഷകർക്ക് ന്യായമായ കുറഞ്ഞ നിരക്കിൽ തുടർന്നും ലഭിക്കുന്നതോടൊപ്പം വളം നിർമ്മാണ ശാലകൾക്കും പ്രയോജനമാകും.






