Alt Image
കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆

₹4.4 ലക്ഷം കോടിയിലേക്ക് ആഗോള റബര്‍ വിപണി; കേരളത്തില്‍ വിലയിടിവ്

കോട്ടയം: ആഗോള പ്രകൃതിദത്ത റബര്‍ വിപണിയുടെ മൂല്യം 2036ഓടെ 4,900 കോടി ഡോളറിലെത്തുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഫ്യൂച്ചര്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ്‌സിന്റെ (Future Market Insights) പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ രൂപയില്‍ ഏകദേശം 4.4 ലക്ഷം കോടിയിലധികം വരുമിത്. 2026ല്‍ 3,280 കോടി ഡോളര്‍ മൂല്യമുള്ള വിപണി അടുത്ത പത്ത് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 4.1% വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. 2025ല്‍ വിപണിയുടെ മൂല്യം 3,150 കോടി ഡോളറായിരുന്നു. 2036ഓടെ വിപണിയില്‍ 1,620 കോടി ഡോളറിന്റെ അധിക മൂല്യം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രവചനം.

അതിനിടെ സംസ്ഥാനത്ത് റബര്‍വില താഴുന്നതിനിടെ ഇറക്കുമതി ഉയര്‍ത്തി ടയര്‍ കമ്പനികള്‍. റബര്‍ വില 300 പിന്നിടുമെന്ന സൂചനകള്‍ വന്നതോടെയാണ് പരമ്പരാഗത ഇറക്കുമതി രാജ്യങ്ങള്‍ക്കു പകരമായി ആഫ്രിക്കയിലേക്ക് ടയര്‍ കമ്പനികള്‍ തിരിഞ്ഞത്.

1,500 മെട്രിക് ടണ്‍ പ്രകൃതിദത്ത റബര്‍ ആണ് വിഴിഞ്ഞം തുറമുഖം വഴി കോട്ടയത്തെ കമ്പനി ഇറക്കുമതി ചെയ്തത്.

വിഴിഞ്ഞം തുറമുഖം വഴി നടന്ന ആദ്യത്തെ റബര്‍ ഇറക്കുമതിയായിരുന്നു ഇത്. മുമ്പ് മുംബൈ പോര്‍ട്ടിലെത്തിച്ച ശേഷം കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. ഇറക്കുമതി ചെലവുകള്‍ കുറയ്ക്കാന്‍ വിഴിഞ്ഞം വഴിയുള്ള ഇറക്കുമതിയിലൂടെ സാധിക്കും.

കിലോഗ്രാമിന് 300 വരെയെത്തിയ റബര്‍ വില ഇപ്പോള്‍ 270 രൂപയ്ക്ക് താഴെയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് വില താഴേക്ക് പോയത്. തോട്ടങ്ങളില്‍ ടാപ്പിംഗ് സജീവമായതോടെ വലിയതോതില്‍ ചരക്ക് വിപണിയിലേക്ക് എത്തുന്നുണ്ട്. വില ഇടിയാനുള്ള പ്രധാന കാരണവും ചരക്ക് ലഭ്യത കൂടിയതാണ്.

ഇറക്കുമതി വര്‍ധിച്ചതോടെ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയിലേക്ക് വലിയ ശ്രദ്ധ കൊടുക്കുന്നില്ല. ഇറക്കുമതി ഉയര്‍ത്തി വിപണിവില താഴ്ത്താനുള്ള പതിവ് ശ്രമങ്ങളാണ് കമ്പനികള്‍ പയറ്റുന്നത്.

വരുംദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. ടയര്‍ കമ്പനികള്‍ ചരക്ക് ശേഖരിക്കുന്നുണ്ടെങ്കിലും അമിത താല്‍പര്യം കാണിക്കുന്നില്ല.

ഇറക്കുമതി ഇളവ് പരിഗണനയില്‍
തീരുവയില്ലാതെ താല്‍ക്കാലികമായി റബര്‍ ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ‘ആത്മ’ (ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍) അടുത്തിടെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 186 രൂപയായിരുന്നു റബറിന്റെ ശരാശരി വില. ഇത്തവണ വില കിലോഗ്രാമിന് 62 ശതമാനത്തോളം കൂടിയതോടെയാണ് ഇറക്കുമതി ഇളവിനായി ടയര്‍ കമ്പനികളുടെ നീക്കം.

ആഗോള പ്രകൃതിദത്ത റബര്‍ വിപണി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. വാഹന ടയര്‍ നിര്‍മാണ മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് വളര്‍ച്ചയ്ക്ക് പ്രധാന കരുത്താകുന്നത്.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വിപണി പ്രവചനം.

X
Top