
കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ളവയുടെ നവീകരണത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളും സബ്സിഡികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് സംരംഭകരെ പ്രതിസന്ധിയിലക്കുന്നു. മെഷിനറികള്‍ വാങ്ങുന്നതിനായി സംരംഭകര്‍ക്ക് വ്യവസായ വകുപ്പ് വഴി അനുവദിക്കേണ്ട 15 മുതല്‍ 45 ശതമാനം വരെയുള്ള സബ്സിഡി തുകയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിതരണം ചെയ്യാത്തത്. കൃത്യസമയത്ത് ധനസഹായം ലഭിക്കാത്തതിനാൽ പല യൂണിറ്റുകളും ജപ്തി അടക്കമുള്ള റവന്യൂ റിക്കവറി നടപടികൾ നേരിടുകയാണ്.
ഫണ്ടിന്റെ ലഭ്യതക്കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ നിരത്തുന്ന ന്യായീകരണം. ഇതിനൊപ്പം പല വിധ പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുകയാണ് കേരളത്തിലെ ചെറുകിട വ്യവസായ മേഖല. പുതിയ മന്ത്രിസഭ അധികാരമേതിനു പിന്നാലെ കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (KSSIA) സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
150 കോടിയുടെ കുടിശ്ശിക; വഴിമുട്ടി എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം
കേരളത്തിലെ വ്യവസായികള്‍ക്ക് നല്‍കുന്ന എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം (ESS) പ്രകാരം ഒരു വ്യവസായിക്ക് പരമാവധി 40 ലക്ഷം രൂപ വരെ ലഭിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും 2023-ല്‍ പാസ്സായ ഇ.എസ്.എസ് ആനുകൂല്യങ്ങള്‍ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ പറയുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 150 കോടിയോളം രൂപയാണ് ഈ ഇനത്തില്‍ മാത്രം കുടിശ്ശികയായി കിടക്കുന്നത്. ഇത് സര്‍ക്കാര്‍ അടിയന്തരമായി റിലീസ് ചെയ്യണമെന്നാണ് വ്യവസായികളുടെ ആവശ്യം.
ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ വ്യവസായ മേഖല ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധിയെന്ന് നിസാറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തമായി ‘സംസ്ഥാന ബില്‍ഡിംഗ് കോഡ്’ നടപ്പിലാക്കിയപ്പോള്‍ കേരളം ഇപ്പോഴും 2016-ലെ നാഷണല്‍ ബില്‍ഡിംഗ് കോഡാണ് പിന്തുടരുന്നത്.
കേരളത്തിലെ സ്ഥലപരിമിതി മൂലം വ്യവസായ ആവശ്യങ്ങള്‍ക്കായി ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസിയില്‍ മാറ്റം വരുത്തണം. പ്ലാന്റേഷന്‍ ഭൂമിയും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുന്ന ഭൂമികളും വ്യവസായ ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എം.എസ്.എം.ഇ മേഖലയ്ക്കാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഫോക്കസ് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.






