
മുംബൈ: ഇന്ത്യയിലടക്കം ആവശ്യകത കുത്തനെ ഉയർന്നതോടെ ചെമ്പിന്റെ ആഗോള വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് മാസം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ചെമ്പ് ഫ്യൂച്ചേഴ്സ് വില കിലോഗ്രാമിന് 1,400 രൂപയ്ക്ക് അടുത്തേക്ക് ഉയർന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിലെ (LME) ആഗോള ചെമ്പ് വിലയും റെക്കോർഡ് നിരക്കുകൾക്ക് അടുത്തായി തുടരുകയാണ്.
ആവശ്യകത പെട്ടെന്ന് ഇത്രയും കൂടിയതെങ്ങനെ?
ഒരു പുതിയ ചെമ്പ് ഖനി നിർമ്മിച്ച് ഉത്പാദനം ആരംഭിക്കുക എന്നത് വർഷങ്ങൾ നീളുന്നതും ചെലവേറിയതുമായ പ്രക്രിയയാണ്. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുക, പാരിസ്ഥീതിക അനുമതികൾ നേടുക, അടിസ്ഥാന സൗകര്യമൊരുക്കുക എന്നിവയ്ക്കും സമയമെടുക്കും. അതേസമയം, നിലവിലുള്ള ഖനികളിൽ നിന്നുള്ള അയിരിന്റെ ഗുണനിലവാരം കുറയുന്നതും ഉത്പാദനത്തിലെ തടസങ്ങളും ആഗോള വിതരണത്തെ ബാധിക്കുന്നുണ്ട്.
2025-ലെ 28 ദശലക്ഷം ടണ്ണിൽ നിന്ന് 2040-ഓടെ ആഗോള തലത്തിൽ ചെമ്പിന്റെ ആവശ്യകത 42 ദശലക്ഷം ടണ്ണായി ഉയരുമെന്ന് ‘എസ് & പി ഗ്ലോബൽ’ (S&P Global) അനുമാനിക്കുന്നു. പ്രധാനമായും ഇലക്ട്രിഫിക്കേഷൻ, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവയിൽ ആയിരിക്കും 50 ശതമാനത്തോളം വരുന്ന ഈ ആവശ്യകതയുടെ കൂടുതലും പ്രതിഫലിക്കുക. ആവശ്യകത ഏറുമ്പോഴും വിതരണം വർദ്ധിപ്പിക്കാൻ സാധിക്കാത്തത് വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇത്രയും വില കൊടുത്ത് ചെമ്പ് വാങ്ങുന്നതെന്ത് കൊണ്ട്?
ചെമ്പ് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന നിർമ്മാണ കമ്പനികൾക്ക് അതിന്റെ വില കുറയുന്നതുവരെ കാത്തിരിക്കാൻ സാധിക്കില്ല. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഓർഡറുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഉത്പാദനം തടസപ്പെടുകയും കസ്റ്റമേഴ്സിനെ നഷ്ടപ്പെടുകയും ചെയ്യും.
വ്യാപാരികൾക്ക് വില കുറയുന്നത് വരെ കാത്തിരിക്കാമെങ്കിലും കേബിൾ, ട്രാൻസ്ഫോർമർ നിർമ്മാതാക്കൾക്ക് തങ്ങളുടെ ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ ഉടനടി ചെമ്പ് ആവശ്യമാണ്. അതിനാൽ, ബെഞ്ച്മാർക്ക് നിരക്കിനേക്കാൾ കൂടുതൽ പ്രീമിയം തുക നൽകിയും ചെമ്പ് വാങ്ങാൻ അവർ നിർബന്ധിതരാകുന്നു.
ഇന്ത്യയെ സംബന്ധിച്ച് പ്രശ്നം കുറച്ചുകൂടി സങ്കീർണ്ണമാണ്. ആവശ്യത്തിന് ശുദ്ധീകരിച്ച ചെമ്പ് (Refined Copper) സ്വന്തമായി ഉത്പാദിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുന്നില്ല എന്നുള്ളത് ഒരു പോരായ്മയാണ്. ഇങ്ങനെ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യയെ ഈ വിലക്കയറ്റം ചില്ലറയൊന്നുമല്ല ബാധിക്കുക.
ഇന്ത്യയുടെ ഭാവിയിൽ ചെമ്പിന്റെ പങ്ക്
ഊർജ പരിവർത്തനത്തിൽ ” the new oil- (പുതിയ എണ്ണ)” എന്നാണ് ചെമ്പ് അറിയപ്പെടുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ചെമ്പിന്റെ ആവശ്യകത 9.3% വർധിച്ച് 1.878 ദശലക്ഷം ടണ്ണിലെത്തി. ഇതിൽ കെട്ടിട നിർമ്മാണ മേഖലയ്ക്കാണ് (25%) ഏറ്റവും കൂടുതൽ ചെമ്പ് ആവശ്യമുള്ളത്.
വ്യാവസായിക ആവശ്യങ്ങൾ (19%), അടിസ്ഥാന സൗകര്യ വികസനം (17%) എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം സോളാർ, വിൻഡ് പവർ, ഇവി, ബാറ്ററി സ്റ്റോറേജ് തുടങ്ങിയ ഹരിത ഊർജ മേഖലകളിൽ ചെമ്പിന്റെ ഉപയോഗം കഴിഞ്ഞ വർഷത്തിൽ 32% ഉയർന്നുവെങ്കിലും ആകെ ആവശ്യകതയുടെ 4.6% മാത്രമാണിത്.
2026 മേയ് മാസത്തിൽ ഇന്ത്യയിലെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഭേദിച്ച് 270.8 ജിഗാവാട്ടിൽ (GW) എത്തിയിരുന്നു. രാജ്യത്തിന്റെ വ്യാവസായികവും ഗാർഹികവുമായ വൈദ്യുതി ശൃംഖല വികസിക്കുന്നതിനനുസരിച്ച് വരും വർഷങ്ങളിൽ ഇന്ത്യയിൽ ചെമ്പിന്റെ ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.






