
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര എണ്ണവില വീണ്ടും വർധിക്കുമെന്ന് ആശങ്ക. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണടാങ്കർ ചോർന്നതിനെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി അടച്ചതും പുതിയ പ്രതിസന്ധിക്കു കാരണമായി. അരാംകോയുടെ ദഹറാനിലെ ആസ്ഥാനം ഒഴിപ്പിക്കേണ്ടി വന്നതും പ്രതിസന്ധിയാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.14% ഉയർന്ന് 116.7 ഡോളറിലെ ത്തി. അമേരിക്കൻ ക്രൂഡ് (ഡബ്ല്യുടിഐ) വില 3.82% വർധിച്ച് 103.30 ഡോളറായി. കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനിക ളായ നയാരയും ജിയോ-ബിപിയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പൊതുമേഖല എണ്ണക്കമ്പനികളും വിലവർധിപ്പിച്ചേക്കും.
എണ്ണവില ബാരലിന് 120 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണവില വർധിപ്പിക്കാനുള്ള അവസാന അവസരം നവംബറിലാണെന്ന് കേന്ദ്രസർക്കാരിന് ഇതിനോടകം ഉപദേശം ലഭിച്ചതായും വിവരമുണ്ട്.
എണ്ണവില കൂടുന്നത് കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യയിൽ പണപ്പെരുപ്പത്തിനും പലിശഭാരത്തിനും ഇടയാക്കും. ഡിസംബറിൽ നടക്കുന്ന പണനയ സമിതി യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിക്കാൻ ആർബിഐ തയാറായേക്കുമെന്നാണ് പ്രവചനം.
അതേസമയം, യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം നവംബർ 3 മുതൽ ഇറാൻ യുദ്ധം കനക്കുമെന്നാണ് ആശങ്ക. യുഎസിലേക്ക് റഷ്യയിൽ നിന്ന് 40,000 ടൺ ഡീസലുമായി കപ്പലെത്തിയിട്ടുണ്ട്. യുഎസിലെ ഡീസൽ വില 6.31 ഡോളറാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.






