
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആകെ മത്സ്യോത്പാദനം മൂന്ന് കോടി (30 മില്യൺ) ടണ്ണായി ഉയർത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര മത്സ്യബന്ധന വകുപ്പ് സെക്രട്ടറി അഭിലക്ഷ് ലിഖി.
ഭോപ്പാലിൽ സംഘടിപ്പിച്ച ദേശീയ ശില്പശാലയിൽ ചെറുകിട ആഭ്യന്തര മത്സ്യബന്ധന മേഖലയ്ക്കായുള്ള ദേശീയ കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തുനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി മൂല്യം 1.25 ലക്ഷം കോടി രൂപയായി ഉയർത്താനും രാജ്യം പദ്ധതിയിടുന്നുണ്ട്.
നിലവിൽ പ്രതിവർഷം 19.7 മില്യൺ ടൺ മത്സ്യോത്പാദനമാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. ഇതിൽ നാലിൽ മൂന്ന് പങ്കും ഉൾനാടൻ ആഭ്യന്തര ജലാശയങ്ങളിൽ നിന്നുള്ള സംഭാവനയാണ്.
സമുദ്രോത്പന്ന കയറ്റുമതി നിലവിൽ 70,000 കോടി രൂപ കടന്നിട്ടുണ്ട്. എന്നാൽ ഉത്പാദനത്തിലെയും കയറ്റുമതിയിലെയും ഈ കുതിച്ചുചാട്ടം പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും തടസ്സമാകാത്ത രീതിയിലായിരിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായാണ് ദേശീയ കർമ്മ പദ്ധതിക്ക് രൂപം നൽകുന്നത്. കേന്ദ്ര മത്സ്യബന്ധന വകുപ്പും ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷനും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും ഉയർത്തുന്ന ഭീഷണികൾ മറികടക്കാൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. അടുത്ത മാസം ഈ കർമ്മ പദ്ധതി ഔദ്യോഗികമായി പൊതുജനങ്ങൾക്കായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.






