
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിരോധ-ബഹിരാകാശ, ആണവോര്‍ജ്ജ, വാണിജ്യ നിക്ഷേപ-നൂതന സാങ്കേതികതമേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യയും പോളണ്ടും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായ നരേന്ദ്രമോദിയും ഡൊണാള്‍ഡ് ടസ്‌കും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം.
2024 മുതല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഇപ്പോള്‍ ഈ ബന്ധത്തില്‍ പുതിയ തലങ്ങള്‍ തേടുകയായിരുന്നു കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലെന്ന് പിന്നീട് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.
നിര്‍മ്മിത ബുദ്ധി, ഹരിത സാങ്കേതികത, അപൂര്‍വ ധാതുക്കള്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയാക്കാമെന്നും ഇരുനേതാക്കളും ധാരണയിലെത്തി. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്രവാണിജ്യ കരാറിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. വ്യവസായത്തിനും വാണിജ്യത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും പുത്തന്‍ അവസരങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
ആഗോള പ്രാദേശിക വിഷയങ്ങള്‍ സംബന്ധിച്ചും ഇരുനേതാക്കളും തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ പങ്കുവച്ചു. ഐക്യരാഷ്‌ട്ര രക്ഷാസമിതി അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ പരിഷ്ക്കരിക്കുന്നതിനെക്കുറിച്ചും നിയമത്തില്‍ അധിഷ്‌ഠിതമായ രാജ്യാന്തര ക്രമസമാധാനം പാലിക്കാനുള്ള പ്രതിബദ്ധത സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തി.
ഇന്ത്യ പോളണ്ട് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌ത ഇരുനേതാക്കളും പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, വാണിജ്യം, നിക്ഷേപം, നൂതന സാങ്കേതികതകള്‍ എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തു.
ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി സഹകരണം വ്യാപിപ്പിക്കുന്നതിന്‍റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പോളിഷ് കമ്പനികളെ ഇന്ത്യന്‍ കമ്പനികളുമായി ഉത്പാദനത്തിനും വികസനത്തിനും സഹകരിക്കുന്നതിന് പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്‌തു.
രാജ്യന്തര അസ്ഥിരതകള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രത്യാശയുടെ കിരണം എന്നാണ് ടസ്‌ക് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റില്‍ മോദിയുടെ പോളണ്ട് സന്ദര്‍ശനത്തിനിടെ ഉണ്ടാക്കിയ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യോഗം നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം വൈവിധ്യവത്ക്കരിക്കേണ്ടതിന്‍റെ ആവശ്യകതയും യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. വിതരണ ശൃംഖല മെച്ചപ്പെടുത്തുക, സാമ്പത്തിക കാര്യക്ഷമതയും ദേശീയ സുരക്ഷയും മെച്ചപ്പെടുത്താനാകുന്ന മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
2010ന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പോളിഷ് പ്രധാനമന്ത്രിയാണ് ടസ്‌ക്. ഈമാസം 21 മുതല്‍ 23വരെയായിരുന്നു ടസ്‌കിന്‍റെ ഇന്ത്യാസന്ദര്‍ശനം. ഈ സന്ദര്‍ശനം കേവലം ഒരു നയതന്ത്ര നടപടിയില്‍ നിന്ന് ഒരു വ്യവസായ മാനത്തിലേക്ക് മാറിയിരിക്കുന്നു.
ഇദ്ദേഹത്തിനൊപ്പം ഒരു സംഘം വ്യവസായികളുമുണ്ടായിരുന്നു. ന്യൂഡല്‍ഹിയിലും ബെംഗളുരുവിലും വ്യവസായ ഫോറങ്ങളും ഒരുക്കിയിരുന്നു.






