പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

കെഎസ്ആർടിസിക്ക് വരുമാനക്കുതിപ്പ്; ഒറ്റദിവസം നേടിയത് 10.64 കോടി രൂപ

ശബരിമല സീസൺ അല്ലാത്ത ദിവസങ്ങളിലും വരുമാനത്തിൽ മികച്ച നേട്ടവുമായി കെഎസ്ആർടിസി. ഒക്ടോബർ 22 വ്യാഴാഴ്ച ടിക്കറ്റ് വിൽപനയിലൂടെ കോർപറേഷൻ നേടിയത് 10.64 കോടി രൂപയാണ്.

ശബരിമല സീസൺ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തിൽ രണ്ടാമത്തെ വലിയ നേട്ടമാണിത്. കൂടുതൽ ബസുകൾ നിരത്തിലിറക്കിയും സംസ്ഥാനാന്തര സർവീസുകൾ പരമാവധി നടത്തിയും യാത്രക്കാരുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിച്ചുമാണ് വരുമാനം ഉയർത്തിയത്.

പ്രിയദർശിനി സർവീസുകളുടെ വരുമാനം ഒഴിവാക്കിയാൽ മറ്റു സർവീസുകളിൽനിന്ന് മാത്രം 7.33 കോടി രൂപ ലഭിച്ചു. സാധാരണയായി ഈ സർവീസുകളിൽനിന്നുള്ള ശരാശരി വരുമാനം 5.77 കോടി രൂപയായിരുന്നു.

വാടകയ്ക്കെടുത്ത ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് സംസ്ഥാനാന്തര സർവീസുകൾ പരമാവധി നടത്തിയതും വരുമാനവർധനയ്ക്ക് സഹായകമായി. കഴിഞ്ഞവർഷം പൂജാ അവധിക്കാലത്തിനു ശേഷമുള്ള സമാന ദിവസത്തിൽ ടിക്കറ്റ് വരുമാനം 9.41 കോടി രൂപയായിരുന്നു.

ഇത്തവണ ഇതിനെക്കാൾ 1.24 കോടി രൂപയിലധികം അധിക വരുമാനം നേടാൻ കെഎസ്ആർടിസിക്കായി.

4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കോർപറേഷൻ സർവീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞവർഷത്തെ 58.80 രൂപയിൽനിന്ന് 66.44 രൂപയായി ഉയർന്നു. ഒരു ബസിൽനിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽനിന്ന് 23,215 രൂപയായി വർധിച്ചു. ഒറ്റദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്.

യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും ലഭ്യമായ ബസുകൾ കാര്യക്ഷമമായി വിനിയോഗിച്ച് വരുമാനം വർധിപ്പിക്കാനുമാണ് കോർപറേഷന്റെ തീരുമാനം.

സർവീസുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തി യാത്രക്കാർക്ക് ആവശ്യമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം വരുമാനനേട്ടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്.

X
Top