പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ

ന്യൂഡൽഹി: എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസിൻ്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ 445 കോടി രൂപയിൽനിന്ന് 75 ശതമാനം വർധിച്ച് 778 കോടി രൂപയായി.

കമ്പനിയുടെ ആകെ വരുമാനം മൂന്ന് ശതമാനം വർധിച്ച് 5,302 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വരുമാനം 5,136 കോടി രൂപയായിരുന്നു. കിട്ടാക്കടത്തിനായുള്ള നീക്കിയിരിപ്പും വായ്‌പാ നഷ്‌ടവും ഉൾപ്പെടെയുള്ള ചെലവുകൾ 37 ശതമാനം കുറഞ്ഞ് 819 കോടി രൂപയായി.

കമ്പനിയുടെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം മുൻവർഷത്തെ 2.15 കോടിയിൽനിന്ന് എട്ട് ശതമാനം വർധിച്ച് 2.32 കോടിയായി. രണ്ടാം പാദത്തിൽ കാർഡ് ഉപയോഗിച്ചുള്ള മൊത്തം ചെലവ് മൂന്ന് ശതമാനം വർധിച്ച് 1,10,689 കോടി രൂപയിലെത്തി.

പുതിയ അക്കൗണ്ടുകളുടെ എണ്ണം 9.36 ലക്ഷത്തിൽനിന്ന് 11.06 ലക്ഷമായി ഉയർന്നു. സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം വായ്‌പകൾ 56,532 കോടി രൂപയും ആകെ ആസ്‌തി 71,102 കോടി രൂപയുമാണ്.

മൊത്ത നിഷ്‌ക്രിയ ആസ്‌തി അനുപാതം മുൻവർഷത്തെ 2.85 ശതമാനത്തിൽനിന്ന് 1.90 ശതമാനമായി കുറഞ്ഞു.

X
Top