
ഹൈദരാബാദ്: ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ഡാറ്റാ സെന്റർ കമ്പനിയായ എയർട്രങ്ക് രംഗത്ത്.
ആന്ധ്രാപ്രദേശിൽ രണ്ട് കൂറ്റൻ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനായി ഏകദേശം 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി മുന്നോട്ടുവെച്ചു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലൊന്നായി മാറുന്ന ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കമ്പനി സമർപ്പിച്ചു കഴിഞ്ഞു.
ആകെ 1.8 ജിഗാവാട്ട് ശേഷിയുള്ള രണ്ട് ഡാറ്റാ സെന്റർ ക്യാമ്പസുകളാണ് ആന്ധ്രാപ്രദേശിൽ എയർട്രങ്ക് വിഭാവനം ചെയ്യുന്നത്. കമ്പനി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ ഈ നിർദ്ദേശം ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ആഗോള സാങ്കേതിക ഭീമന്മാരുടെ പ്രധാന ഡാറ്റാ സെന്റർ ഹബ്ബായി മാറാനുള്ള ആന്ധ്രാപ്രദേശിന്റെ നീക്കങ്ങൾക്ക് വലിയ വേഗത കൈവരും.
അതേസമയം, ഇത്തരം വൻകിട പദ്ധതികൾക്കാവശ്യമായ വൈദ്യുതിയുടെയും ജലത്തിന്റെയും ലഭ്യത സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കകൾ ഉയരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കാനും ജലവിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
മുനിസിപ്പൽ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള എയർ-കൂൾഡ് സാങ്കേതികവിദ്യയും വ്യാവസായിക ജലസ്രോതസ്സുകളുമാണ് തങ്ങളുടെ ക്യാമ്പസുകളിൽ ഉപയോഗിക്കുകയെന്ന് എയർട്രങ്ക് അറിയിച്ചു.
നേരത്തെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും ആന്ധ്രാപ്രദേശിൽ 15 ബില്യൺ ഡോളറിന്റെ എഐ ഹബ്ബ് വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.
ആഗോള കമ്പനികളുടെ ഈ തുടർച്ചയായ നിക്ഷേപങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ സാങ്കേതിക-സാമ്പത്തിക വളർച്ചയിൽ നിർണ്ണായക നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






