
മുംബൈ: നിക്ഷേപകർക്കുമേൽ മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ ചുമത്തിയിരുന്ന ചാർജ് പകുതിയായി കുറച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). പ്രഥമ ഓഹരി വിൽപന എളുപ്പമാക്കുന്നതടക്കം ചെറുകിട നിക്ഷേപകരുടെ സംരക്ഷണം ലക്ഷ്യമിട്ട് സെബി പുതിയ നിരവധി ചട്ടങ്ങൾ അംഗീകരിച്ചു.
നേരത്തെ നിക്ഷേപകരിൽനിന്ന് 12 ബേസിസ് പോയന്റ് അതായത് 0.12 ശതമാനം ചാർജാണ് മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ ഈടാക്കിയിരുന്നത്. എന്നാൽ, ഈ ചാർജ് ആറ് ബേസിസ് പോയന്റായി കുറച്ചു. ഡെറിവേറ്റിവ് വ്യാപാരത്തിനുള്ള ബ്രോക്കറേജ് ചാർജ് അഞ്ച് ബേസിസ് പോയന്റിൽനിന്ന് രണ്ടായി കുറച്ചു.
മാത്രമല്ല, കാലാവധി കഴിയുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കുന്നവർക്ക് മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ ചുമത്തിയിരുന്ന അഞ്ച് ബേസിസ് പോയന്റ് അധിക ചാർജ് സെബി റദ്ദാക്കി. ഒരു ശതമാനത്തിന്റെ നൂറിലൊന്നാണ് ഒരു ബേസിസ് പോയന്റ്.
ചെറുകിട നിക്ഷേപകർക്കുമേൽ മ്യൂച്ച്വൽ ഫണ്ടുകൾ ചുമത്തിയിരുന്ന വാർഷിക ചാർജ് കുറക്കാൻ ഒക്ടോബറിലാണ് സെബി തീരുമാനിച്ചത്. ഫണ്ട് മാനേജ്മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ, ബ്രോക്കർ, മറ്റ് പ്രവർത്തന ചാർജുകൾ എന്നിവ ഉൾപ്പെടുന്നതാണ് വാർഷിക ചെലവുകൾ.
നിക്ഷേപകർക്ക് ലഭിക്കുന്ന ലാഭത്തിൽനിന്നാണ് ഈ ചാർജുകൾ ഈടാക്കിയിരുന്നത്. ഇതുകാരണം ചെറുകിട നിക്ഷേപകരുടെ ലാഭം കുറഞ്ഞു. അതേസമയം, കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ മ്യൂച്ച്വൽ ഫണ്ട് കമ്പനികൾക്ക് കൂടുതൽ ഫീസ് ഇളവ് നൽകാമെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
1992ന് ശേഷം ആദ്യമായാണ് സ്റ്റോക്ക് ബ്രോക്കർ ചട്ടം സെബി പുതുക്കുന്നത്. ഫീസ് വെട്ടിക്കുറച്ചതോടെ മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ വരുമാനം കുറയും. വൻ തുകയുടെ ഓഹരി ഇടപാടുകൾക്കും ഗവേഷണങ്ങൾക്കുമായി ബ്രോക്കർമാരെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ചെറിയ മ്യൂച്ച്വൽ ഫണ്ട് കമ്പനികൾക്ക് തീരുമാനം തിരിച്ചടിയാകുമെന്ന് അസറ്റ് മാനേജ്മെന്റ് കമ്പനി വൃത്തങ്ങൾ പറഞ്ഞു.






