തൃശൂർ: ഏറ്റവുമൊടുവിൽ തൃശൂരിൽ നിന്നുള്ള ധനകാര്യ സ്ഥാപനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് കൂടി ഓഹരി വിപണിയിലേക്ക് കടന്നെത്തുന്നു.
കഴിഞ്ഞ ദിവസം ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയിൽ (SEBI) നിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപന അഥവാ ഐപിഒ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു.
നിശ്ചിതഭാഗം ഓഹരികൾ നിക്ഷേപകർക്ക് കൈമാറി വിപണിയിൽ നിന്നും പണം സമാഹരിക്കുന്ന ഐപിഒ നടപടികൾ പൂർത്തിയാകുമ്പോൾ കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടും. സെബിക്ക് മുൻപാകെ മൂന്ന് തവണ അപേക്ഷ സമർപ്പിച്ചതിനു ശേഷമാണ് ഇസാഫ് ബാങ്കിന് ഇപ്പോൾ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്.
കെ പോൾ തോമസിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയെന്ന നിലയിൽ 1992ൽ പ്രവർത്തനം തുടങ്ങിയശേഷം 1995ലാണ് ചെറുകിട സംരംഭങ്ങളുടെ വികസനത്തിന് സഹായിക്കുന്ന സ്ഥാപനമെന്ന രീതിയിലേക്ക് കളം മാറ്റിച്ചവിട്ടിയത്.
ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കിന്റെ വിജയകഥയാണ് പ്രചോദനം. തുടർന്ന് 2008ഓടെ ഔപചാരിക ബാങ്കിങ് സേവനങ്ങൾക്ക് പുറത്തുനിൽക്കുന്ന ജനങ്ങൾക്ക് ധനകാര്യ സേവനം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഇസാഫ് മൈക്രോഫിനാൻസ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു.
തുടർന്ന് 2015 ഒക്ടോബറിലാണ് സ്മോൾ ഫിനാൻസ് ബാങ്ക് രൂപീകരിക്കുന്നത്. റിസർവ് ബാങ്ക് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചതോടെ 2016 നവംബറിൽ ബാങ്കിങ് ലൈസൻസ് ലഭിച്ചു. 2017 മാർച്ച് 10ന് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി.
ഇന്ന് രാജ്യത്തെ 21 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗ്രാമീണ, അർധ നഗര മേഖലകളിലായി 700ഓളം ബാങ്കിങ് ഔട്ട്ലെറ്റുകളും 750ഓളം ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ഇസാഫിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
4,100ൽ അധികം ജീവനക്കാരും 2,000ത്തിലധികം ബാങ്ക് ഏജന്റുമാരും 530ഓളം എടിഎമ്മുകളും ബാങ്കിനുണ്ട്.