ന്യൂഡൽഹി: ആൻഡ്രോയിഡ് മൊബൈൽ ഉപകരണ വിപണിയിലെ തങ്ങളുടെ അപ്രമാദിത്വം ദുരുപയോഗം ചെയ്‌തതിന് 1,337.76 കോടി രൂപ പിഴ ഈടാക്കുന്നതിനുള്ള കോമ്പറ്റിഷൻ കമ്മീഷൻ ഉത്തരവിനെതിരെ ഗൂഗിൾ നൽകിയ ഹർജി സുപ്രീം കോടതി 2024 ജനുവരിയിലേക്ക് മാറ്റി.
സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം, ഈ ആഴ്ച തന്നെ വാദം കേൾക്കേണ്ടതായിരുന്നു. എന്നാൽ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകൾ നടക്കുന്നതിനാൽ ഗൂഗിൾ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2022ൽ ടെക് ഭീമന് 1,337.76 കോടി രൂപ പിഴ ചുമത്താനുള്ള കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) തീരുമാനം നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) ഭാഗികമായി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഗൂഗിൾ ഈ വർഷം ആദ്യം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
ആൻഡ്രോയിഡ് വിപണിയിലെ കുത്തകയുമായി ബന്ധപ്പെട്ട കേസിൽ ഗൂഗിളിനെതിരെ സിസിഐ പുറപ്പെടുവിച്ച 10 നിർദ്ദേശങ്ങളിൽ, ആറ് നിർദേശങ്ങൾ എൻസിഎൽഎടി അംഗീകരിച്ചപ്പോൾ, നാലെണ്ണം മാത്രമാണ് നിലനിൽക്കുന്നതല്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നത്.
ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾ (OEM-കൾ), ആപ്പ് ഡെവലപ്പർമാർ, നിലവിലുള്ള അല്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള എതിരാളികൾ എന്നിവർക്ക് അതിന്റെ സേവനങ്ങളുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API-കൾ) ആക്‌സസ് ചെയ്യുന്നത് നിഷേധിക്കരുതെന്ന് ഗൂഗിളിന് സിസിഐയുടെ നിർദ്ദേശം ഉണ്ടായിരുന്നു. ഇത് എൻസിഎൽഎടിയും അംഗീകരിച്ചിരുന്നു.
ഈ കേസിന് പുറമെ, പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഗൂഗിളിന് 936 കോടി രൂപ പിഴയും സിസിഐ കഴിഞ്ഞ വർഷം ചുമത്തിയിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ ഈ ശിക്ഷയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് കേസ് പിൻവലിച്ചു.
തുടർന്ന് പിഴ വിധിച്ച സിസിഐ ഉത്തരവിനെതിരെ ഗൂഗിൾ നൽകിയ അപ്പീൽ എൻസിഎൽഎടി നവംബറിൽ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.