
മുംബൈ: ഇന്ത്യന്‍ കയറ്റുമതിയ്ക്കെതിരെ അമേരിക്ക പുതിയ തീരുവ ഏര്‍പ്പെടുത്തിയാലും അത് വലിയ ആഘാതം രാജ്യത്തെ കയറ്റുമതി മേഖലയ്ക്കുണ്ടാക്കില്ലെന്ന് റിപ്പോര്‍ട്ട്. 15-20% വരെ തീരുവ അമേരിക്ക കൂട്ടിയാലും ഇന്ത്യയുടെ കയറ്റുമതി ഏകദേശം 3-3.5% മാത്രമേ കുറയൂ എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു.
ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവല്‍ക്കരണം, വര്‍ദ്ധിച്ച മൂല്യവര്‍ദ്ധനവ്, പുതിയ വ്യാപാര പാതകള്‍ എന്നിവയിലൂടെ യുഎസ് തീരുവയുടെ ആഘാതം പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് എസ്ബിഐ നടത്തിയ പഠനം പറയുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 17.7% അമേരിക്കയിലേക്കായിരുന്നു. എന്നിരുന്നാലും, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ത്യ മികച്ച വിപണി വളര്‍ത്തിയെടുത്തിട്ടുണ്ട്.
അതായത് ഒരൊറ്റ വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് വര്‍ഷങ്ങളായി ഇന്ത്യ. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്ന തീരുവ നിരക്ക് താരതമ്യേന വലിയ മാറ്റങ്ങളില്ലാത്തതായിരുന്നു.
ഉദാഹരണത്തിന് 2018-ല്‍ 2.72% ആയിരുന്ന തീരുവ 2021-ല്‍ 3.91% ആയി വര്‍ദ്ധിച്ചു, 2022-ല്‍ തീരുവ 3.83% ആയി ചെറുതായി കുറഞ്ഞു.
അതേ സമയം യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള ഇന്ത്യ ചുമത്തുന്ന തീരുവ 2018-ല്‍ 11.59% ആയിരുന്നത് 2022-ല്‍ 15.30% ആയി വര്‍ദ്ധിച്ചു.
കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ പ്രധാനമായും തീരുവ ചുമത്തുന്നത്. യന്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്ധനം, ഇരുമ്പ്, സ്റ്റീല്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, കെമിക്കലുകള്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്.
അമേരിക്ക സ്റ്റീലിന് 25 ശതമാനം തീരുവ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതും ഇന്ത്യക്ക് വലിയ തിരിച്ചടിയാകില്ല. ഇന്ത്യയുമായി അമേരിക്കയുടെ സ്റ്റീല്‍ വ്യാപാര ഇടപാട് വെറും 3 ശതമാനം മാത്രമാണ്.