Alt Image
പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆

ഇന്ത്യൻ ഗ്യാസ് വിപണിയിൽ ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയൻസ്

ഇന്ത്യയിൽ കംപ്രസഡ് ബയോഗ്യാസ് (CBG) മേഖലയിൽ വിപ്ലവത്തിനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. 2030 വർഷത്തോടെ ഇന്ത്യയിലുടനീളം 100 CBG പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി പുതുതായി 15,000 കോടി രൂപയുടെ കൂടി നിക്ഷേപം റിലയൻസ് നടത്തും. മുമ്പ് ആന്ധ്രാപ്രദേശിൽ 500 പ്ലാന്റുകൾ നിർമിക്കുന്നതിനായി 65,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുമുണ്ട്.

ഇത്തരത്തിൽ ആകെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസ് നടത്തുന്നതെന്ന് റിലയൻസ് എനർജി ഓപ്പറേഷൻസ് മേധാവി ആനന്ദ് അംബാനി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന നിർണായക നീക്കമാണ് റിലയൻസ് നടത്തുന്നത്.

ഇന്ത്യയിലെ പ്ലാന്റുകൾ
റിലയൻസിന് ഇപ്പോൾത്തന്നെ 10 സംസ്ഥാനങ്ങളിലായി 45 പ്ലാന്റുകളുണ്ട്. ഇവയിലൂടെ പ്രതിദിനാടിസ്ഥാനത്തിൽ ഏകദേശം 350 ടൺ ബയോഗ്യാസാണ് ഉല്പാദിപ്പിക്കുന്നത്. വികാസത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള ഈ വിപണിയുടെ വലിയ ഒരു ഭാഗം പിടിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. ഡിമാൻഡ് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ശേഷി വികസനം നടത്താനാണ് ശ്രമം.

സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2026 ആഗസ്റ്റിൽ 1,929 പ്ലാന്റുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ 217 എണ്ണം മാത്രമാണ് കമ്മീഷൻ ചെയ്തിരിക്കുന്നത്. 357 പ്ലാന്റുകളുടെ നിർമാണം നടക്കുകയാണ്.

രജിസ്ട്രേഷനും, പ്രവർത്തനത്തിലുള്ള പ്ലാന്റുകളും തമ്മിൽ വലിയ വിടവാണ് കാണാൻ സാധിക്കുന്നത്. പ്രൊജക്ടുകൾ പ്രായോഗികമായി നടപ്പാക്കുന്നതിൽ ഡെവലപ്പർമാർ നേരിടുന്ന വെല്ലുവിളികളുടെ നേർസാക്ഷ്യം കൂടിയാണ് ഈ കണക്കുകളെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

റിലയൻസിന്റെ വലിയ ലക്ഷ്യങ്ങൾ
ഈ മേഖലയിൽ ദീർഘകാല കാഴ്ച്ചപ്പാടോടെ മുന്നോട്ടു പോകാനാണ് റിലയൻസിന്റെ തീരുമാനം. കമ്പനിയുടെ 2026സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ടിൽ ഇത് സൂചിപ്പിക്കുന്നു. 2030 വർഷത്തോടെ 500 CBG പ്ലാന്റുകളാണ് ലക്ഷ്യമിടുന്നത്. കൂടാതെ അടുത്ത 5 വർഷത്തിൽ വാർഷികാടിസ്ഥാനത്തിൽ ഒരു ദശലക്ഷം ടൺ എന്ന തോതിൽ പ്രൊഡക്ഷൻ കപ്പാസിറ്റിയുള്ള ഇന്റഗ്രേറ്റഡ് CBG ഹബ്ബുകൾ സ്ഥാപിക്കും.

ഇന്ത്യയിലെ CBG ഉല്പാദനത്തിന്റെ 30 ശതമാനത്തിലധികവും റിലയൻസിന്റെ കയ്യിലാണെന്നും റിപ്പോർട്ട് പറയുന്നു. പ്രതിദിനാടിസ്ഥാനത്തിൽ 40,000ൽ അധികം വാഹനങ്ങൾക്ക് കമ്പനി ഗ്രീൻ ഫ്യുവൽ നൽകുന്നു.

ചില വെല്ലുവിളികൾ
എന്നാൽ ഈ ബിസിനസ് അത്ര എളുപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾക്ക് കാർഷിക മാലിന്യങ്ങളോ മറ്റ് ജൈവമാലിന്യങ്ങളോ തുടർച്ചയായി ലഭിക്കേണ്ടതുണ്ട്. ഇവ രാജ്യത്തെ പല ഗ്രാമങ്ങളിലായി, പലയിടങ്ങളിലായി ‘ചിതറിക്കിടക്കുന്ന’ സാഹചര്യമാണുള്ളത്. ഇവ ശേഖരിക്കുന്നതിന് വലിയ ചെലവുണ്ട്. കൂടാതെ, കാലാവസ്ഥയും, സീസണും അനുസരിച്ച് ലഭ്യതയിൽ മാറ്റമുണ്ടാകാം.

സംഭരണം, ഗതാഗതം, ഈർപ്പം നിയന്ത്രിക്കൽ എന്നിവയും ചെലവ് വർധിപ്പിക്കുന്നു. അഗ്രിക്കൾച്ചറൽ വേസ്റ്റ്, തടസ്സമില്ലാതെ ലഭ്യമാകേണ്ടതിന്റെ പ്രാധാന്യം റിലയൻസിന്റെ ധനകാര്യ വിഭാഗം മേധാവിയും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെയുള്ള ചുവടുകൾ, നേട്ടങ്ങൾ…
നേരത്തെ പ്ലാന്റുകൾ സ്ഥാപിക്കുതിലൂടെ റിലയൻസിന് വലിയൊരു ശൃംഖല സൃഷ്ടിക്കാൻ സാധിക്കുമെന്നതാണ് നേട്ടം. ഇതിലൂടെ അസംസ്‌കൃത വസ്തുക്കൾ ഉറപ്പാക്കാനും, കർഷകരുമായി ബന്ധം സ്ഥാപിക്കാനും, മത്സരം ശക്തമാകുന്നതിന് മുമ്പ് ഉപഭോക്താക്കളെ സ്വന്തമാക്കാനും കഴിയും.

സാങ്കേതിക വിദ്യകളുടെ പർച്ചേസ്, പ്ലാന്റുകളുടെ പ്രവർത്തനം, ഗതാഗതം എന്നിവയിൽ വലിയ തോതിൽ ചെലവ് കുറയ്ക്കാനും സാധിക്കും. പ്ലാന്റുകളുടെ ശൃംഖല പ്രവർത്തനക്ഷമമായാൽ, ചെറുകിട കമ്പനികൾക്ക് മറികടക്കാൻ പ്രയാസമുള്ള കുറഞ്ഞ ചെലവ് എന്ന നേട്ടം റിലയൻസിന് സ്വന്തമാക്കാൻ സാധിക്കും.

X
Top