Alt Image
പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆

എയർ ഇന്ത്യയെ അടിമുടി പരിഷ്കരിക്കാൻ പുതിയ നേതൃത്വം

എയർ ഇന്ത്യയെ അടിമുടി പരിഷ്കരിച്ച് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ‘ടീം ഗെബ്രെമറിയം’ വരുന്നു. പരിഷ്കാരങ്ങളുടെ ഭാഗമായി പല ഉന്നതരുടെയും കസേര ഇളകിയേക്കും. പുതിയ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. പുത്തൻ നീക്കത്തിന് ടാറ്റ സൺസിന്റെ ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ അനുവാദവുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കമ്പനിയുടെ തലപ്പത്ത് വൻ എയർലൈൻ കമ്പനികളിൽ ജോലിചെയ്തു പരിചയമുള്ള കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് നീക്കം. എയർ ഇന്ത്യയുടെ ചീഫ് കൊമേഷ്യൽ ആൻഡ് ട്രാൻസ്ഫോർമേഷൻ ഓഫീസർ (സിസിടിഒ) നിപുൻ അഗർവാളിനെ സ്ഥാനത്തു നിന്ന് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന് കമ്പനിയിൽ മറ്റെന്തെങ്കിലും ചുമതല നൽകിയേക്കും. ടാറ്റാ ഗ്രൂപ്പോ എയർ ഇന്ത്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ സിഇഒ സ്ഥാനത്തേക്ക് നിപുൻ അഗർവാളിനെ പരിഗണിച്ചിരുന്നു. എന്നാൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ അടക്കമുള്ളവരുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റി. പകരം ഇത്യോപ്യൻ എയർലൈൻസിൽ നിന്ന് ഗെബ്രെമറിയത്തെ എത്തിക്കുകയായിരുന്നു.

തീരാത്ത കടക്കെണി
2022ൽ കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്തെങ്കിലും എയർ ഇന്ത്യയ്ക്ക് ഇതുവരെ കടക്കെണിയിൽ നിന്ന് കരകയറാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടം ഇരട്ടിയാവുകയും ചെയ്തു. 2024-24ൽ 10,858.83 കോടി രൂപയായിരുന്നു നഷ്ടം. 2025-26ൽ 22,238.23 കോടിയായി വർധിച്ചു.

യാത്രക്കാരുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. വരുമാനം കുറഞ്ഞതും പ്രവർത്തന ചെലവ് കൂടിയതും അഹമ്മദാബാദ് വിമാന അപകടവും അടക്കമുള്ള കാരണങ്ങളാണ് ഭീമമായ നഷ്ടത്തിനു ഇടയാക്കിയതെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

ഇത് ടാറ്റ ഗ്രൂപ്പിൽ വലിയ തർക്കത്തിനും ഇടയാക്കിയിരുന്നു. ടാറ്റ ഏറ്റെടുത്ത പുതിയ ബിസിനസുകൾ നഷ്ടത്തിലാണെന്ന ആരോപണം ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനത്തിലേക്കും നയിച്ചിരുന്നു. പിന്നീട് ഡയറക്ടർ ബോർഡ് അദ്ദേഹത്തോട് സ്ഥാനത്തു തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

അഹമ്മദാബാദ് വിമാന അപകടം കൈകാര്യം ചെയ്ത രീതിയിൽ വിമർശനം ഉയർന്നതോടെ 5 വർഷത്തെ കാലാവധി പൂർത്തിയാക്കാതെ മുൻ സിഇഒ കാംപ്ബെൽ വിൽസന് പുറത്തു പോകേണ്ടിയും വന്നു.

ഗെബ്രെമറിയം തലവര മാറ്റുമോ?
ഇത്യോപ്യൻ എയർലൈൻസിനെ പതിറ്റാണ്ടുകളോളം നയിച്ച ഗെബ്രെമറിയത്തിന്റെ വരവ് എയർ ഇന്ത്യയ്ക്ക് പുത്തനുണവർവാകുമെന്നാണ് പ്രതീക്ഷകൾ. പാക്കിസ്ഥാൻ എയർലൈൻസ് അടക്കമുള്ള കമ്പനികൾ കണ്ണുവച്ചിരുന്ന ഗെബ്രെമറിയം കഴിഞ്ഞ ഒക്ടോബറിലാണ് എയർ ഇന്ത്യയിൽ ചാർജെടുത്തത്.

എയർ ഇന്ത്യയുടെ പ്രവർത്തന ചെലവും നഷ്ടവും കുറയ്ക്കാനുള്ള നടപടികളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് ഗെബ്രെമറിയം പറഞ്ഞിരുന്നു.

നിസാരമായ ചെലവുകൾ പോലും കുറയ്ക്കുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിനായി ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചെലവ് കുറയ്ക്കാനും പ്രവർത്തനക്ഷമത കൂട്ടാനും മികച്ച നിർദേശം നൽകുന്ന ജീവനക്കാർക്ക് പാരിതോഷികങ്ങൾ നൽകുന്നത് പരിഗണനയിലാണ്.

ഡൽഹി കേന്ദ്രീകരിച്ചു മാത്രം പ്രവർത്തിക്കുന്നതിനു പകരം മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ ഹബ്ബ് തുടങ്ങാനും പദ്ധതിയുണ്ട്. ഇക്കാര്യം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എയർ ഇന്ത്യ ഡയറക്ടർ ബോർഡ് യോഗത്തിൽ ഗെബ്രെമറിയം എൻ.ചന്ദ്രശേഖരൻ അടക്കമുള്ളവരോടു വിശദീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

X
Top