
ഹൈദരാബാദ്: രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ വന്‍ കുതിപ്പ്. ചരിത്രത്തിലാദ്യമായി 2026ല്‍ ഇത് ഒരു ലക്ഷം കോടി കടന്നിരിക്കുന്നു. ഏകദേശം 97.5 ലക്ഷം കോടിയായാണ് വര്‍ദ്ധന. കഴിഞ്ഞ കൊല്ലം ഇത് 94100 കോടി ഡോളറായിരുന്നു.
മുകേഷ് അംബാനി തന്നെയാണ് സമ്പത്തിന്‍റെ കാര്യത്തില്‍ ഒന്നാമന്‍ . 9970 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്‌തി. മുകേഷ് അംബാനിക്ക് തൊട്ടുപിന്നാലെ ഗൗതം അദാനി, സാവിത്രി ജിന്‍ഡാല്‍, ലക്ഷ്‌മി മിത്തല്‍, ശിവ് നാടാര്‍ എന്നിവരാണ് യഥാക്രമം. പത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇതേ എണ്ണം സമ്പന്നര്‍ക്ക് കനത്ത നഷ്‌ടവും നേരിട്ടതിന് 2026 സാക്ഷ്യം വഹിച്ചു.
രാജ്യത്ത് ആകെ 229 ശതകോടീശ്വരന്‍മാരാണ് ഉള്ളത്. മാര്‍ച്ചിലാണ് ഫോബ്‌സ് മാസിക 2026ലെ ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ മാസം പത്തൊന്‍പതിന് രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ പുതുക്കിയ പട്ടികയും പുറത്ത് വിട്ടു. രാജ്യത്തെ ആദ്യ പത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്തിനെക്കുറിച്ച് ഇതില്‍ വ്യക്തമായ വിവരങ്ങള്‍ ഉണ്ട്. മുന്‍കാലങ്ങളേക്കാള്‍ ഇവരുടെ സമ്പത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് ഇതിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.അരവിന്ദ് ശ്രീനിവാസ് അടക്കമുള്ള നിരവധി യുവ ശതകോടീശ്വരന്‍മാരെക്കുറിച്ചും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം എത്ര ആസ്‌തിയുണ്ടായിരുന്നു-ഇപ്പോള്‍ അത് എത്ര ആയി എന്നതിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതിലുണ്ട്.
ഫോബ്‌സിന്‍റെ പുതിയ പട്ടിക പ്രകാരം മുകേഷ് അംബാനിയും ഗൗതം അദാനിയും ആദ്യ പത്ത് ധനികരുടെ കൂട്ടത്തിലുണ്ട്. സാവിത്രി ജിന്‍ഡാലും കുടുംബവും ലക്ഷ്‌മി മിത്തല്‍, ശിവ് നാടാര്‍, സൈറസ് പൂനെവാല, ദിലീപ് സാഘ്‌വി, കുമാര്‍ ബിര്‍ള, രാധാകൃഷ്‌ണന്‍ ദമാനി, ഉദയ് കൊട്ടക് എന്നിവരാണ് യഥാക്രമം പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. മുകേഷ് അംബാനിയാണ് പട്ടികയിലെ ഒന്നാമന്‍. ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്. സാവിത്രി ജിന്‍ഡാലും കുടുംബവും മൂന്നാമതും, ലക്ഷ്‌മി മിത്തല്‍ നാലാം സ്ഥാനത്തുമാണ് ഉള്ളത്. ശിവ് നാടാര്‍ അഞ്ചാമനാണ്. പട്ടികയിലെ ഒന്‍പത് ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശിവ് നാടാരുടെ സമ്പത്ത് കുറഞ്ഞു. 2025ല്‍ 3450 കോടി ഡോളറുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ആസ്‌തി ഇപ്പോള്‍ 3090 കോടി ഡോളറായാണ് കുറഞ്ഞിരിക്കുന്നത്.
സമ്പത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായ ആദ്യ പത്ത് ശതകോടീശ്വരരുടെ പേരുകള്‍ പുതിയ പട്ടികയില്‍ ഫോബ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷ്‌മി മിത്തലിന്‍റെ സമ്പത്തില്‍ കഴിഞ്ഞ കൊല്ലത്തേക്കാള്‍ 61.5ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. സമ്പത്ത് ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചതും അദ്ദേഹത്തിന് തന്നെയാണ്. ഇക്കാര്യത്തില്‍ ജോയ് ആലൂക്കാസാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്‍റെ സമ്പത്തില്‍ 57.6ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അല്‍പന ഡാംഗിയാണ് ഇക്കാര്യത്തില്‍ മൂന്നാമതുള്ളത്. 57.1ശതമാനമാണ് വര്‍ദ്ധന. ഇന്ദര്‍ ജയ്‌സിഘാനി നാലാമതും രമേഷ് ജയ്‌സിഘാനി അഞ്ചാമതുമുണ്ട്. അജയ് ജയസിഘാനിയാണ് ആറാം സ്ഥാനത്ത്. ഗിര്‍ധരി ജയ്‌സിംഘാനി ഏഴാമതും ഫാല്‍ഗുനി നായര്‍ എട്ടാമതും വിക്രം ലാലും കുടുംബവും ഒന്‍പതാമതും ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പത്താമതുമാണ് പട്ടികയിലിടം നേടിയിട്ടുള്ളത്.
ഇന്ദര്‍ ജയ്‌സിഘാനി, രമേഷ് ജയ്‌സിഘാനി, അജയ് ജയ്‌സിഘാനി എന്നിവരുടെ സാമ്പത്തിക വളര്‍ച്ച ഏതാണ്ട് സമാനമാണ്. ഇവരുടെയെല്ലാം സമ്പത്തിന്‍റെ വളര്‍ച്ച 56.3ശതമാനമാണ്.ഗിരിധരി ജയ്‌സിഘാനിയുടെ സമ്പത്ത് 53.8ശതമാനം വര്‍ദ്ധിച്ചു. ഫാല്‍ഗുനി നായരുടെ സമ്പത്തില്‍ 51.7ശതമാനം വര്‍ദ്ധനയുണ്ടായി. വിക്രം ലാലിന്‍റെയും കുടുംബത്തിന്‍റെയും സമ്പത്ത് 48.2ശതമാനം കൂടി. ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്‍റെ സമ്പത്തില്‍ 47.4ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മറ്റ് ഒന്‍പത് പേരുമായി താരത്യം ചെയ്യുമ്പോള്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ ചെറിയ കുറവുണ്ട്. എട്ട് ശതകോടീശ്വരന്‍മാരുടെ സാമ്പത്തിക വളര്‍ച്ച അന്‍പത് ശതമാനത്തിലേറെയാണ്.
രവി മോദി, ആചാര്യ ബാലകൃഷ്‌ണ അടക്കമുള്ള ശതകോടീശ്വരന്‍മാര്‍ക്ക് നഷ്‌ടം
കഴിഞ്ഞ വര്‍ഷവുമായി താരത്യം ചെയ്യുമ്പോള്‍ നഷ്‌ടം സംഭവിച്ച പത്ത് ശതകോടീശ്വരന്‍മാരുടെ പട്ടികയും ഫോബ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. ഈ പട്ടികയില്‍ രവി മോദിയാണ് ഒന്നാമതുള്ളത്. 43.5ശതമാനമാണ് ഇദ്ദേഹത്തിനുണ്ടായ നഷ്‌ടം. ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിച്ച വ്യക്തിയും രവി മോദി തന്നെയാണ്. ഏറ്റവും കുറവ് നഷ്‌ടം നേരിട്ടത് സുനില്‍ വാചാനിക്കാണ്. 28.8ശതമാനം മാത്രമാണ് ഇദ്ദേഹത്തിനുണ്ടായ നഷ്‌ടം. നഷ്‌ടത്തിന്‍റെ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരന്‍ ആചാര്യ ബാലകൃഷ്‌ണയാണ്.
ഈ ശതകോടീശ്വര്‍മാരുടെ നഷ്‌ടത്തിന് പല കാരണങ്ങളുമുണ്ട്. രവി മോദിയുടെ മാതൃ കമ്പനി ഇവരുടെ കുറച്ച് ഓഹരികള്‍ വിപണിയില്‍ വിറ്റഴിച്ചിരുന്നു. ഇതിന് പുറമെ മറ്റ് ചില കാരണങ്ങളും ഇവര്‍ക്ക് നഷ്‌ടമുണ്ടാക്കി. പതഞ്ജലി ഫുഡ്‌സിനോടുള്ള ആളുകളുടെ വിശ്വാസ്യത നഷ്‌ടമായതാണ് ആചാര്യ ബാലകൃഷ്‌ണയ്ക്ക് നഷ്‌ടമുണ്ടാക്കിയത്. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ദ്ധനയാണ് രാധേ ശ്യാം അഗര്‍വാളിന്‍റെ കമ്പനിക്ക് നഷ്‌ടമുണ്ടാക്കിയത്. സമാനമായ രീതിയിലുള്ള പല കാരണങ്ങളും മറ്റ് പല ശതകോടീശ്വരന്‍മാര്‍ക്കും നഷ്‌ടമുണ്ടാക്കി.
രാജ്യത്തെ വനിതാ ശതകോടീശ്വരിമാര്‍
ഫോബ്‌സിന്‍റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 21 ശതകോടീശ്വര വനിതകളുമുണ്ട്. സാവിത്രി ജിന്‍ഡാലാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. രേഖ ജുന്‍ജുന്‍വാല രണ്ടാമതും രേണുക ജഗതാനി മൂന്നാമതുമുണ്ട്. സ്‌മിത കൃഷ്‌ണ ഗോദ്‌റേജാണ് നാലാം സ്ഥാനക്കാരി. ഫാന്‍ഗുനി നായര്‍ അഞ്ചാം സ്ഥാനത്തുണ്ട്. വിനോദ് റായ് ഗുപ്‌തയാണ് ആറാമത്. കുമുദ് ബജാജ് ഏഴാമതും കിരണ്‍ മജുംദാര്‍ ഷാ എട്ടാമതുമുണ്ട്. അല്‍പ്പന ദാന്‍ഗി ഒന്‍പതാമതും മഹിമ ദത്ത പത്താമതും പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു.
21 വനിതകളില്‍ ലീന തിവാരിയാണ് പതിനൊന്നാമത് ഉള്ളത്. 320 കോടി ഡോളറാണ് ഇവരുടെ ആസ്‌തി. തൊട്ടുപിന്നാലെ സാറ ജോര്‍ജ് മുത്തൂറ്റുമുണ്ട്. 280 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട് ഇവര്‍ക്ക്. അനു ആഘയുടെ ആസ്‌തി 260 കോടി ഡോളറാണ്. രാധ വെമ്പുവിന്‍റെ ആകെ ആസ്‌തി210 കോടി ഡോളറാണ്. രേണു മുഞ്ചാല്‍, സരോജ് റാണി ഗുപ്‌ത, മൃദുല പരേഖ് എന്നിവര്‍ 20 കോടി ഡോളറിന്‍റ വീതം ആസ്‌തിയുണ്ട്. അഞ്ജു അഗര്‍വാളിന്‍റെ മൊത്തം ആസ്‌തി 190 കോടി ഡോളറാണ്. ബീന ഛബ്രിയയ്ക്ക് 120 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. കല്‍പ്പന പരേഖ്, സുബ്ബമ്മ ജസ്‌തി എന്നിവരുടെ ആസ്‌തി 110 കോടി ഡോളറാണ്.
ഏറ്റവും പുതിയ ഫോബ്‌സ് പട്ടിക പ്രകാരം വ്യത്യസ്‌ത മേഖലകളില്‍ ആകെ 24450 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. ആരോഗ്യ പരിചരണമേഖലയില്‍ 16970 കോടിയാണ് ആസ്‌തി. ഉത്പാദന മേഖലയില്‍ ഇത് 9860 കോടി ഡോളറാണ്. ലോഹ-ഖനന മേഖലയില്‍ 7470 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. സാങ്കേതിക രംഗത്ത് 6920 കോടി ഡോളറാണ് ആസ്‌തി. സാമ്പത്തിക നിക്ഷേപ രംഗത്ത് മൊത്തം 6120 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. ഫാഷന്‍, ചില്ലറ വില്‍പ്പ മേഖലയില്‍ 5920 കോടി ഡോളറാണ് ആസ്‌തി. വാഹനമേഖലയില്‍ 5280 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഇത് 4920 കോടി ഡോളറാണ്. ഭക്ഷ്യ പാനീയ മേഖലയില്‍ 4870 കോടി ഡോളറും. ഏറ്റവും കുറവ് ആസ്‌തിയുള്ളത് ടെലികോം, ഊര്‍ജ്ജം, നിര്‍മ്മാണം, മാധ്യമം, വിനോദസഞ്ചാരം ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലാണ്.
പ്രായം കുറഞ്ഞ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഇവര്‍
ചെറുപ്പക്കാരായ നിരവധി ശതകോടീശ്വരന്‍മാര്‍ നമ്മുടെ രാജ്യത്തുണ്ട്. നാല്‍പ്പത്തഞ്ച് വയസില്‍ താഴെയുള്ള ഇവര്‍ നിര്‍മ്മിത ബുദ്ധി, ധനകാര്യ, വിദ്യാഭ്യാസ, ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ സംരംഭകരാണ്. പെര്‍പ്ലെക്‌സിറ്റി എന്ന കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസന് കേവലം 31 വയസ് മാത്രമാണ് ഉള്ളത്. 210 ഡോളറിന്‍റെ ആസ്‌തിയുള്ള ഇദ്ദേഹമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍.
സെറോദയുടെ 39കാരനായ നിഖില്‍ കാമത്തിന് 330 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. റിപ്പ്ലിങിന്‍റെ 37കാരനായ പ്രസന്ന ശങ്കറിന് 150കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. ഫ്ലിപ് കാര്‍ട്ടിന്‍റെ ബിന്നി ബെന്‍സാലിന് 43 വയസാണ് പ്രായം. ഇദ്ദേഹത്തിന്‍റെ മൊത്തം ആസ്‌തി140 കോടി ഡോളറാണ്. 44കാരനായ സച്ചിന്‍ ബന്‍സാലിന് 120 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്. സൊമാറ്റോയുടെ ദീപീന്ദര്‍ ഗോയലിന് 43 വയസാണ് പ്രായം. ആസ്‌തിയാകട്ടെ 140 കോടി ഡോളറും. ഫിസിക്‌സ്‌വാലയുടെ 33 കാരനായ അലഖ് പാണ്ഡെയ്ക്കും 37കാരനായ പ്രതീക് ബൂബിനും കൂടി 100 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്.
ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാര്‍ ഉള്ളത് അമേരിക്കയിലാണെന്നായിരുന്നു മാര്‍ച്ചില്‍ പുറത്ത് വിട്ട ഫോബ്‌സിന്‍റെ പട്ടികയിലുണ്ടായിരുന്നത്. പുതിയ പട്ടികയില്‍
ഇന്ത്യയില്‍ നിന്ന് 26 ശതകോടീശ്വരരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും നിന്നുള്ള 80 രാജ്യങ്ങളില്‍ നിന്ന് 3428 ശതകോടീശ്വരര്‍ പട്ടികയിലുണ്ട്. നമ്മുടെ രാജ്യത്ത് നിന്ന് 229 ശതകോടീശ്വരരാണ് പട്ടികയിലിടം നേടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ശതകോടീശ്വരരുള്ള രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ചൈനയും. ഇന്ത്യക്ക് മൂന്നാം സ്ഥാനവും ഉണ്ട്.






