ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

ഇന്ത്യ ആഗോള കാർ നിർമ്മാണ കേന്ദ്രമായി മാറുമെന്ന് പിയൂഷ് ഗോയല്‍; യൂറോപ്യൻ കാർ നിർമാതാക്കൾ രാജ്യത്ത് ഉത്പാദനം നടത്തിയേക്കും

ന്യൂഡൽഹി: യൂറോപ്പിലെ കർശനമായ നിയന്ത്രണങ്ങൾ കാരണം അവിടെ വാഹനങ്ങൾ നിർമ്മിക്കുന്നത് ലാഭകരമല്ലാത്തതിനാൽ, എല്ലാ യൂറോപ്യൻ കാർ നിർമ്മാതാക്കളും ഇന്ത്യയിൽ ഉത്‌പ്പാദനം നടത്താൻ ആഗ്രഹിക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യ ഒരു ആഗോള കാർ നിർമ്മാണ കേന്ദ്രമായി മാറാൻ പോകുകയാണെന്ന് ഗോയൽ പറഞ്ഞു.

“അവസാനം ഇന്ത്യ ഒരു കാർ നിർമ്മാണത്തിൻ്റെ ആഗോള കേന്ദ്രമായി മാറും. എല്ലാവരും ഇന്ത്യയിൽ വന്ന് ഉത്‌പ്പാദനം നടത്തും. യൂറോപ്പിലെ അമിതമായ നിയന്ത്രണങ്ങൾ കാരണം അവിടെ മത്സരക്ഷമത നിലനിർത്തുക അസാധ്യമാണ്.

അതിനാൽ എല്ലാ യൂറോപ്യൻ നിർമ്മാതാക്കളും ഇന്ത്യയിലേക്ക് വരും” ഡൽഹിയിൽ നടന്ന ‘ദ ഡൽഹി ഡയലോഗ്’ പരിപാടിയിൽ മന്ത്രി പറഞ്ഞു.

“നിങ്ങൾക്ക് ഇക്കാര്യം അറിയാമോ എന്ന് എനിക്കറിയില്ല. ജാഗ്വാർ ഏറ്റെടുത്തതിന് ശേഷം ടാറ്റയ്ക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. ടാറ്റ മോട്ടോഴ്‌സ് തന്നെ തകർച്ചയുടെ വക്കിലെത്തിയിരുന്നു.

പിന്നീട് അവർ വലിയ തോതിലുള്ള പുനഃക്രമീകരണങ്ങൾ നടത്തുകയും ചില മോഡലുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്‌തു… ഒടുവിൽ വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞത്” അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിൽ ലാഭം ലഭിക്കാതാവുമ്പോൾ അന്താരാഷ്ട്ര വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ കൂടുതൽ ഉത്‌പ്പാദനം നടത്തുമെന്ന് ഗോയൽ പറഞ്ഞു. യുകെയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള കാർ ഇറക്കുമതിക്ക് അനുവദിച്ച ക്വാട്ടകളെക്കുറിച്ച് പരാമർശിക്കവേ, ഇവ പ്രധാനമായും വിലകൂടിയ കാറുകളെയാണ് ഉൾക്കൊള്ളുന്നതെന്നും കുറഞ്ഞ വിലയുള്ള കാറുകൾ ഇതുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ആദ്യം ഇന്ത്യൻ വിപണി പരീക്ഷിച്ച ശേഷം പൂനെയിൽ നിർമ്മാണ പ്ലാൻ്റുകൾ സ്ഥാപിച്ച ആഡംബര വാഹന നിർമ്മാതാക്കളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു, ആഗോള വാഹന കമ്പനികളെ ആകർഷിക്കാനും സ്വന്തം സ്ഥാനം ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെ സാധ്യതകളേയും മന്ത്രി എടുത്തുപറഞ്ഞു.

ഇലക്ട്രോണിക്‌സ്, ഗാർഹികോപകരണങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ആവശ്യം സെമികണ്ടക്‌ടർ ഫാക്‌ടറികൾ ഉൾപ്പെടെയുള്ള ആഭ്യന്തര ഉത്പ്പാ‌ദന മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല സമ്പദ്‌വ്യവസ്ഥകൾ പ്രായമായ ജനസംഖ്യയെ നേരിടുമ്പോൾ, ഇന്ത്യയിലെ യുവജനത അവസരങ്ങൾ സൃഷ്‌ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തിൻ്റെ ജനസംഖ്യാപരമായ അനുകൂല ഘടകത്തെയും മന്ത്രി എടുത്തുപറഞ്ഞു. ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ആവശ്യക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കയറ്റുമതിയെക്കുറിച്ച് സംസാരിക്കവെ, ഈ സാമ്പത്തിക വർഷം ഒരു ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ഗോയൽ വ്യക്തമാക്കി.

കയറ്റുമതിയും ഇറക്കുമതിയും വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആഭ്യന്തര വ്യവസായങ്ങൾക്കും അന്താരാഷ്ട്ര നിക്ഷേപകർക്കും വലിയൊരു ഉത്തേജനമാണ് നൽകുന്നത്.

ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ, കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 17.85 ശതമാനം വർധിച്ച് 215.91 ബില്യൺ യുഎസ് ഡോളറായി; ഇറക്കുമതി 18.21 ശതമാനം വർധിച്ച് 363 ബില്യൺ യുഎസ് ഡോളറാവുകയും ചെയ്‌തു.

സ്വതന്ത്ര വ്യാപാര കരാറുകൾ പ്രകാരം, യുകെയ്ക്കും യൂറോപ്യൻ യൂണിയനും (EU) ഇന്ത്യ ക്വാട്ട അടിസ്ഥാനമാക്കി തീരുവ ഇളവുകൾ നൽകിയിട്ടുണ്ട്. യുകെയുമായുള്ള കരാർ ജൂലായ്‌ 15നാണ് പ്രാബല്യത്തിൽ വന്നത്, അതേസമയം യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കാനാണ് സാധ്യത.

യൂറോപ്യൻ യൂണിയൻ്റെ നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രി വിശദമായി സംസാരിച്ചില്ലെങ്കിലും യൂറോപ്യൻ യൂണിയൻ്റെ ‘കാർബൺ ബോർഡർ അഡ്‌ജസ്റ്റ്‌മെൻ്റ് മെക്കാനിസ’ത്തെ (CBAM) കുറിച്ച് ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

X
Top