ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

കുതിച്ചുയർന്ന് ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണി; ഒമ്പത് മാസം കൊണ്ട് വിറ്റഴിച്ചത് 16.1 ലക്ഷം യൂണിറ്റുകൾ

ഹൈദരാബാദ്: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണി അതിവേഗം വളരുകയാണ്. ദൈനംദിന യാത്രാ ചിലവുകൾ കുറയ്‌ക്കുമെന്നതാണ് ഇലക്ട്രിക് വാഹനത്തിലേക്ക് പലരും ചേക്കേറുന്നതിന് പിന്നിലെ പ്രധാന കാരണം.

ഇന്ധനച്ചെലവിലെ ലാഭം, കുറഞ്ഞ പരിപാലനച്ചെലവ്, സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡിയും, പരിസ്ഥിതി സൗഹൃദം, മികച്ച റൈഡിങ് അനുഭവം, ആധുനിക സവിശേഷതകൾ എന്നിവയൊക്കെയാണ് പെട്രോൾ സ്‌കൂട്ടറുകളിൽ നിന്നും ആളുകളെ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത്.

2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 16.1 ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 6.40 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2026 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ മാത്രമായി ഉപഭോക്താക്കൾ വാങ്ങിയത് 11.2 ലക്ഷം യൂണിറ്റ് ഇവികളാണ്. ഇത് ഉപയോക്താക്കളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 76 ശതമാനം വർധനവ് കാണിക്കുന്നു.

സെപ്റ്റംബറിൽ എക്കാലത്തെയും ഉയർന്ന വിൽപ്പന
2026 സെപ്റ്റംബറിൽ മാത്രം 2.07 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന കണക്കാണ്. 2025-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 89 ശതമാനത്തിന്‍റെ വർധനവാണ് കാണുന്നത്. വിപണിയിൽ വലിയ തോതിൽ ആവശ്യമുയരുന്നതിനാൽ, ഈ സാമ്പത്തിക വർഷാവസാനത്തോടെ ആകെ 22.6 ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിൽപ്പനയിൽ മുൻനിരയിലുള്ള കമ്പനികൾ
2025 ഏപ്രിലിൽ വരെ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഒല ഇലക്ട്രിക് ആയിരുന്നെങ്കിലും, പിന്നീടുള്ള മാസങ്ങളിൽ പിന്തള്ളപ്പെട്ടതോടെ ടിവിഎസ് മോട്ടോറും ബജാജ് ഓട്ടോയും മുൻനിരയിലെത്തി. മികച്ച വളർച്ച രേഖപ്പെടുത്തിയ രണ്ട് കമ്പനികളാണ് ഇത്.

2026 സെപ്റ്റംബറിൽ റെക്കോർഡ് റീട്ടെയിൽ വിൽപ്പനയിൽ 49 ശതമാനം വിഹിതവും ഈ കമ്പനികളിൽ നിന്നാണ്.

ബജാജ് ഓട്ടോയെ സംബന്ധിച്ചിടത്തോളം ഇത് 2026 സെപ്റ്റംബറിലേത് ഉയർന്ന പ്രതിമാസ വിൽപ്പനയാണ്. 2026 മാർച്ചിൽ കൈവരിച്ച 47,755 യൂണിറ്റ് എന്ന വിൽപ്പന കണക്കിനെ മറികടന്നാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. 30,661 യൂണിറ്റുകൾ വിറ്റഴിച്ച് ഏഥർ എനർജി മൂന്നാം സ്ഥാനത്തുണ്ട്. 56 ശതമാനത്തിന്‍റെ വാർഷിക വളർച്ചയാണ് കമ്പനി ഇതിലൂടെ നേടിയത്.

2026 മാർച്ചിൽ ഏഥർ എനർജി 36,634 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. ഇത് കമ്പനിയുടെ ഇതുവരെയുള്ളതിൽ വെച്ച് വിൽപ്പനയിലെ ഏറ്റവും മികച്ച പ്രകടനമാണ്. എന്നാൽ ഏഥർ കൊണാർക്ക് പുറത്തിറക്കിയതോടെ കമ്പനിയുടെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ, ഹീറോ മോട്ടോ കോർപ്പിന്‍റെ പിന്തുണയുള്ള വിഡയുടെ 24,370 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ജൂലൈയിലെ കണക്കായ 22,996 യൂണിറ്റുകളെക്കാൾ കൂടുതലാണിത്. മാത്രമല്ല സെപ്റ്റംബർ മാസത്തിലെ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണിത്.

2027 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ വിപണി വിഹിതം
2027 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ (H1 FY2027) വിപണി വിഹിതം പരിശോധിക്കുമ്പോൾ ടിവിഎസ് മോട്ടോറിന്‍റെ ആദ്യ പകുതിയിലെ റീട്ടെയിൽ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വർധിച്ച് 2.90 ലക്ഷം യൂണിറ്റുകളിലെത്തിയതായി കാണാം.

ഇതോടെ കമ്പനിയുടെ വിപണി വിഹിതം 26 ശതമാനമായി ഉയർന്നു. ടിവിഎസ് മോട്ടോറിന്‍റെ വളർച്ചയുടെ പ്രധാന സ്രോതസ്സായി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ മാറിക്കഴിഞ്ഞെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. മ്പനി വിൽക്കുന്ന ഓരോ അഞ്ച് സ്കൂട്ടറുകളിലും ഒരെണ്ണം ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറാണ്.

ബജാജ് ഓട്ടോയിലേക്ക് വരുമ്പോൾ, ബജാജ് ചേതകിന്‍റെ വിവിധ വകഭേദങ്ങൾ കമ്പനി വിപണിയിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 2.53 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. ഈ മികച്ച പ്രകടനത്തോടെ കമ്പനിയുടെ വിപണി വിഹിതം 23 ശതമാനമായി വർധിച്ചു.

മൂന്നാം സ്ഥാനത്തുള്ള ഏഥർ എനർജി 2027 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 1.79 ലക്ഷം യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന നേടി. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ജൂൺ, ജൂലൈ, സെപ്റ്റംബർ എന്നീ മൂന്ന് മാസങ്ങളിലായി ഏഥർ 30,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു.

2027 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കമ്പനിയുടെ വിപണി വിഹിതം 16 ശതമാനമായിരുന്നു. ഇത് 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഒരു ശതമാനം കുറവാണ്.

നാലാം സ്ഥാനത്തുള്ള ഹീറോ വിഡ 2027 സാമ്പത്തിക വർഷത്തിന്‍റെ 1.23 ലക്ഷം യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന കൈവരിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 107 ശതമാനത്തിന്‍റെ വർധനവാണ് കാണിക്കുന്നത്.

അതേസമയം, 8 ശതമാനം വിപണി വിഹിതവുമായി ഒല ഇലക്ട്രിക് അഞ്ചാം സ്ഥാനത്ത് തുടർന്നു. 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഈ വിഹിതം 17 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് വലിയ ഇടിവ് സംഭവിച്ചതായി സൂചിപ്പിക്കുന്നു.

X
Top