
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ എൽ.പി.ജി വിപണി കൈയ്യടക്കിയ അമേരിക്കയ്ക്ക് ഒടുവിൽ തിരിച്ചടി. അമേരിക്കയെ ബഹുദൂരം പിന്നിലാക്കി യു.എ.ഇ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും പൂർണ്ണമായി സാധാരണ നിലയിലായിട്ടില്ലെങ്കിലും, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി വരവ് ഇന്ത്യയിലേക്ക് വീണ്ടും സജീവമായതാണ് ഈ മാറ്റത്തിന് കാരണം.
വിപണി ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ 5.47 ലക്ഷം ടൺ എൽ.പി.ജിയാണ് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഓഗസ്റ്റിലെ 1.93 ലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 182 ശതമാനത്തിന്റെ കൂറ്റൻ വർദ്ധനവാണിത്.
അതേസമയം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമേരിക്കയിൽ നിന്ന് സെപ്റ്റംബറിൽ 3.23 ലക്ഷം ടൺ എൽ.പി.ജി മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 58 ശതമാനത്തിന്റെ കുറവാണിത്.
ഓഗസ്റ്റിൽ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം എൽ.പി.ജിയുടെ 53 ശതമാനവും അമേരിക്കയിൽ നിന്നായിരുന്നെങ്കിൽ, സെപ്റ്റംബറിൽ ഇത് 23 ശതമാനമായി ഇടിഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി ഇറക്കുമതി വർദ്ധിപ്പിച്ചത്. എന്നാൽ നിലവിൽ ഹോർമുസ് വഴിയും ബദൽ മാർഗ്ഗങ്ങളിലൂടെയും ഗൾഫ് ഊർജ്ജ വിതരണം സാധാരണ നിലയിലായിട്ടുണ്ട്.
പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള കുവൈത്തിൽ നിന്ന് 1.32 ലക്ഷം ടണ്ണും, നാലാമതുള്ള ഖത്തറിൽ നിന്ന് 1.15 ലക്ഷം ടൺ എൽ.പി.ജിയും സെപ്റ്റംബറിൽ ഇന്ത്യയിലെത്തി. ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ 76 ശതമാനവും കുവൈത്തിൽ നിന്ന് 15.6 ശതമാനവും വളർച്ച രേഖപ്പെടുത്തി.
അതേസമയം, സൗദി അറേബ്യയിൽ നിന്ന് സെപ്റ്റംബറിൽ ഇന്ത്യ എൽ.പി.ജി വാങ്ങിയിട്ടില്ല.
രാജ്യത്തെ മൊത്തം എൽ.പി.ജി ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഇതിന്റെ 90 ശതമാനവും പരമ്പരാഗതമായി ആശ്രയിക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളെയാണ്.
പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മേഖലയിൽ ഇറാനിയൻ കയറ്റുമതിയെ സാരമായി ബാധിച്ചെങ്കിലും, മറ്റു ഗൾഫ് രാജ്യങ്ങൾ ഉൽപ്പാദനവും വിതരണവും പുനഃസ്ഥാപിച്ചതോടെ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ വീടുകളിലേക്ക് വീണ്ടും ഗൾഫ് എൽ.പി.ജി പ്രവഹിക്കുകയാണ്.






