
ഇലക്ട്രിക് വാഹന നിർമാതാക്കളായ ചൈനീസ് ബ്രാൻഡ് ബിവൈഡിയുടെ ലക്‌ഷ്വറി സബ് ബ്രാൻഡ് ഡെൻസ ഇന്ത്യൻ വിപണിയിലേക്ക് വരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു പോസ്റ്റിലൂടെയാണ് ഇന്ത്യയിലെ പ്രവേശനം പ്രഖ്യാപിച്ചത്.
ഡെൻസ ഇന്ത്യയുടെ നീലയും വെള്ളിയും നിറമുള്ള അവർ ഗ്ലാസ്-എസ്ക്യൂ ലോഗോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് കമ്പനി സൂചന നൽകിയിരിക്കുന്നത്. അതിൽ ‘ഉടൻ എത്തിച്ചേരുന്നു’ എന്നും കൊടുത്തിട്ടുണ്ട്. ഡെൻസ ഇന്ത്യൻ വിപണിയിൽ ‘ഉയർന്ന പ്രകടനവുമുള്ള ഇവി’ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ഡെൻസ മോഡലുകൾ ബിവൈഡി മോഡലുകളേക്കാൾ മുകളിലായിരിക്കും.
ബിവൈഡിയും മെഴ്‌സീഡസ് ബെൻസ് ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായാണ് 2010 ൽ ഡെൻസ സ്ഥാപിതമായത്. 2024 ൽ, മെഴ്‌സീഡസ് ബെൻസ് ഗ്രൂപ്പ് ഡെൻസയിലെ ഓഹരികൾ പൂർണ്ണമായും ഉപേക്ഷിച്ച് ഉടമസ്ഥാവകാശം ബിവൈഡിക്ക് കൈമാറി.
നിലവിൽ, തെക്കുകിഴക്കൻ ഏഷ്യ, ചൈന, ഓസ്‌ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ ഡെൻസ മോഡലുകൾ ലഭ്യമാണ്. ആഡംബരവും പ്രകടനപരവുമായ ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇൻ ഹൈബ്രിഡുകളും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലേക്ക് വരുന്ന മോഡലുകൾ
Z9 ജിടി
ഡെൻസ Z9 ജിടി നാലു ഡോറുകളുള്ള ഷൂട്ടിങ് ബ്രേക്ക് സംവിധാനമുള്ളതാണ്. ഇന്ത്യൻ വിപണിയിലെത്തുന്ന ഇത്തരത്തിലുള്ള ഒരേയൊരു വാഹനമായിരിക്കും Z9 ജിടി. 1,156 എച്ച്പി ഉത്പാദിപ്പിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ. 122.5kWh വലിയ ബാറ്ററി പാക്കുമായാണ് ഇത് വരുന്നത്.
0-100 kmph എന്ന് അവകാശപ്പെടുന്ന 2.7 സെക്കൻഡിനുള്ളിൽ വേഗം കൈവരിക്കാൻ കഴിയും, കൂടാതെ പരമാവധി വേഗം 270 kph. റേഞ്ച് 600 കിമീ. കൂടാതെ 1,500 kW വരെ ചാർജ് ചെയ്യാൻ കഴിയും. ഈ വാട്ടേജിൽ, 10 മുതൽ 97 ശതമാനം വരെ ചാർജ് ചെയ്യാൻ ബാറ്ററി വെറും ഒമ്പത് മിനിറ്റ് എടുക്കും.
റിയർ-വീൽ സ്റ്റിയറിങ് സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. ഇത് ‘ക്രാബ് വാക്ക്’ (വാഹനത്തിന് വശങ്ങളിലേക്ക് നീങ്ങാൻ കഴിയുന്ന രീതി) പോലുള്ള ഫീച്ചറുകളുണ്ട്. കൂടാതെ, മെഴ്‌സീഡസ് ജി-ക്ലാസ് ഇലക്ട്രിക്കിന്റെ ‘ജി-ടേൺ’ ഫംങ്ഷൻ സമാനമായി വാഹനം ഒരിടത്തുനിന്നുതന്നെ പൂർണ്ണമായി കറങ്ങാൻ സഹായിക്കുന്ന കോംപസ് ടേൺ 3600 സംവിധാനവും ഇതിലുണ്ട്.
വാഹനത്തിനുള്ളിൽ ഡാഷ്‌ബോർഡിൽ മൂന്ന് സ്‌ക്രീനുകളും, പുറത്തുള്ള ക്യാമറകളുടെ ദൃശ്യങ്ങൾ കാണിക്കുന്ന രണ്ട് അധിക സ്‌ക്രീനുകളും നൽകിയിരിക്കുന്നു. ലെവൽ 2+ ADAS, പൂർണ്ണമായും ലെതർ ഉപയോഗിച്ചുള്ള ഇന്റീരിയർ, 20 സ്പീക്കറുകളുള്ള ഡെവിയാലെറ്റ് (Devialet) സൗണ്ട് സിസ്റ്റം, പവർഡ് – ഹീറ്റഡ് – വെന്റിലേറ്റഡ് – മസാജിങ് സൗകര്യങ്ങളുള്ള മുൻ സീറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. Z9 ജിടി-യുടെ വില 1.2 കോടി മുതൽ 1.5 കോടി രൂപ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
D9
ഈ നിരയിലെ രണ്ടാമത്തെ വാഹനം ഡെൻസ D9 ആണ്. MG M9, ടൊയോട്ട വെൽഫയർ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന ലക്ഷ്വറി എപിവി ആണിത്. ഇന്ത്യയിൽ എത്തുന്ന D9-ൽ 103 kWh ബാറ്ററി പാക്കും, മുൻവശത്ത് ഘടിപ്പിച്ച മോട്ടോറിൽനിന്ന് 313 എച്ച്പി കരുത്തും 360 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന സംവിധാനവും ഉണ്ടാകാൻ സാധ്യതയുണ്ട്.
D9-ന്റെ റേഞ്ച് 520 കിലോമീറ്ററാണ്. കൂടാതെ 200kW ഡിസി ചാർജിങ് സൗകര്യവും ഇതിൽ ലഭ്യമാണ്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും ഹീറ്റിങ്, വെന്റിലേഷൻ, മസാജ് സൗകര്യങ്ങളുള്ളതുമായ ‘ക്യാപ്റ്റൻസ് ചെയറുകൾ’ (പ്രത്യേക സീറ്റുകൾ) ഇതിന്റെ രണ്ടാം നിരയിൽ ലഭിക്കും.
ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് തൈ എക്സ്റ്റെൻഡറുകൾ (തുടയ്ക്ക് താങ്ങേകുന്ന സംവിധാനം), ഡൈനാഡിയോ (Dynaudio) സൗണ്ട് സിസ്റ്റം, പൂർണ്ണ ലെതർ ഇന്റീരിയർ, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലെ സവിശേഷതകളിൽ ഉൾപ്പെടുന്നു. D9-ന് ഏകദേശം 90 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.






