
ബെംഗളൂരു: ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ വിപണിയിൽ റെക്കോർഡ് മുന്നേറ്റം. 2026 സെപ്റ്റംബറിൽ രാജ്യത്തെ മൊത്തത്തിലുള്ള ഇവി റീട്ടെയിൽ വിൽപ്പന 36,108 യൂണിറ്റിലെത്തി.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 94.56 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
വിപണിയിൽ ടാറ്റ മോട്ടോഴ്സ് തന്നെയാണ് ഇത്തവണയും മുന്നിൽ നിൽക്കുന്നത്. സെപ്റ്റംബറിൽ 14,791 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ മികച്ച വളർച്ചയാണ് സ്വന്തമാക്കിയത്. 7,780 യൂണിറ്റുകളുമായി മഹീന്ദ്ര രണ്ടാം സ്ഥാനവും, 5,242 യൂണിറ്റുകൾ വിറ്റഴിച്ച് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിൻഫാസ്റ്റ്, കിയ, ടെസ്ല തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും സെപ്റ്റംബറിൽ മികച്ച വിൽപ്പന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചർ വെഹിക്കിൾ വിൽപ്പനയുടെ 8.5 ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ് കൈയടക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾക്കിടയിൽ ഇവി വാഹനങ്ങളോടുള്ള താൽപര്യം വർധിച്ചുവരുന്നതും പുതിയ മോഡലുകളുടെ കടന്നുവരവുമാണ് ഇന്ത്യൻ വാഹന വിപണിയിൽ ഇത്രയും വലിയൊരു മുന്നേറ്റത്തിന് കാരണമായി മാറിയിരിക്കുന്നത്.






