
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ആഴ്ചയില്‍ വിപണി ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. വിദേശ നിക്ഷേപം, റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാത്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപടി, ഉയര്‍ന്ന ജിഎസ്ടി വരുമാനം, മികച്ച ഉത്പാദന ഡാറ്റ എന്നീ ഘടകങ്ങളാണ് തുണയായത്. സെന്‍സെക്‌സ് 841.45 പോയിന്റ് അഥവാ 1.42 ശതമാനമുയര്‍ന്ന് 59832.97 ലെവലിലും നിഫ്റ്റി 239.4 പോയിന്റ് അഥവാ 1.37 ശതമാനമുയര്‍ന്ന് 17599.15 ലെവലിലുമാണ് ആഴ്ച ക്ലോസ് ചെയ്തത്.
ബിഎസ്ഇ സ്‌മോള്‍ക്യാപ 3 ശതമാനവും മിഡ്ക്യാപ്,ലാര്‍ജ്ക്യാപ് സൂചികകള്‍ 1.3 ശതമാനം വീതവും കൂട്ടിച്ചേര്‍ത്തപ്പോള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 1604.56 കോടി രൂപയുടെ അറ്റവാങ്ങലാണ് നടത്തിയത്. ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍)2272.53 കോടി രൂപയുടെ അറ്റ നിക്ഷപവും നടത്തി.
മേഖലകളില്‍ ബിഎസ്ഇ റിയാലിറ്റി 4 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് 3 ശതമാനവും ടെലികോം 2.6 ശതമാനവും കൂട്ടിച്ചേര്‍ത്തു. ധനി സര്‍വീസസ്, നന്ദന്‍ ഡെനിം, ബ്ലാക്ക് റോസ് ഇന്‍ഡസ്ട്രീസ്, രാമ ഫോസ്‌ഫേറ്റ്സ്, അതുല്‍ ഓട്ടോ, റൂബി മില്‍സ്, ആന്ധ്രാ പെട്രോ, 3ഐ ഇന്‍ഫോടെക്, ബ്രൈറ്റ്കോം ഗ്രൂപ്പ്, ടാര്‍ക്, ഫെര്‍മെന്റ ബയോടെക്, ടിടികെ ഹെല്‍ത്ത്കെയര്‍, ഗുല്‍ഷന്‍ പോളിയോള്‍സ് എന്നിവ 25-53 ശതമാനത്തോളം ഉയര്‍ന്നതാണ് സ്‌മോള്‍ക്യാപ് സൂചികയെ സഹായിച്ചത്. കെപിഐടി ടെക്‌നോളജീസ്, ഓറിയന്റ് ഇലക്ട്രിക്, എംപിഎസ്, കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍, ഗ്ലോബല്‍ ഹെല്‍ത്ത്, കൃതി ഇന്‍ഡസ്ട്രീസ് (ഇന്ത്യ), അലുവാലിയ കോണ്‍ട്രാക്ട്‌സ് ഇന്ത്യ, എംഎഎസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റൂട്ട് മൊബൈല്‍ ഇടിവ് നേരിട്ട സ്‌മോള്‍ക്യാപ് ഓഹരികള്‍.






