ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഓണം ലോക ടൂറിസം ഭൂപടത്തിലേക്ക്

പി എ മുഹമ്മദ് റിയാസ്
ടൂറിസം മന്ത്രി

കോവിഡ് സൃഷ്ടിച്ച രണ്ടു വര്‍ഷത്തെ ഇടവേളയെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടെ മലയാളി അപ്രസക്തമാക്കിയിരിക്കുകയാണ്. അവിസ്മരണീയമായ ഉത്സവാനുഭവങ്ങള്‍ സമ്മാനിച്ച് ഓണം ഇക്കുറി ചരിത്രത്തിലേക്ക് നടന്നുകയറി. രണ്ടു വര്‍ഷമായി മുടങ്ങിപ്പോയിരുന്ന കൂട്ടംചേരലുകളും ഉല്ലാസങ്ങളും വാശിയോടെ തന്നെ കേരളം ആഘോഷിച്ചുതീര്‍ത്തു. ‘റിവഞ്ച് ഓണാഘോഷ’മായി ഇത്തവണത്തെ ആഘോഷങ്ങള്‍ മാറിയെന്നു പറയാം. അത്ര ഉത്സാഹത്തിമിര്‍പ്പും പങ്കാളിത്തവുമായിരുന്നു നാടെങ്ങും കാണാന്‍ സാധിച്ചത്. ജനപങ്കാളിത്തം കൊണ്ടും ആഘോഷങ്ങളിലെ വൈവിധ്യം കൊണ്ടും ഈ ഓണാഘോഷം മനസ്സില്‍ മായാതെ നിലകൊള്ളും. കേരള ടൂറിസത്തെ സംബന്ധിച്ച് പുതിയ സീസണിലേക്കുള്ള മുന്നേറ്റമായി ഓണാഘോഷം മാറി.

ജാതി, മത, വര്‍ണ, വര്‍ഗ അതിര്‍വരമ്പുകള്‍ ഇല്ലാതെ മനുഷ്യരെല്ലാം ഒന്നായിമാറുന്ന ലോകത്തെക്കുറിച്ചുള്ള സന്ദേശമാണ് ഓണത്തിന്‍റേത്. മലയാളി ഈ സന്ദേശത്തെ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മലയാളിയുടെ ഐക്യത്തിന്‍റേയും ഒരുമയുടേയും പ്രതീകമായി ഓണം ഉയര്‍ന്നുനിന്നു. ഓണം ആഘോഷിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കിയതിലൂടെ സര്‍ക്കാരിന് എല്ലാ കുടുംബങ്ങളുടേയും ഹൃദയത്തില്‍ സ്പര്‍ശിക്കാനായി.

ജൂണ്‍ മാസത്തില്‍ തന്നെ ഓണാഘോഷത്തിന്‍റെ ആലോചനകള്‍ തുടങ്ങിയിരുന്നു. നിയമസഭാ സമ്മേളനത്തില്‍ ടൂറിസം വകുപ്പിന്‍റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂലൈ അവസാനത്തോടെ ഓണാഘോഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ഓണാഘോഷത്തെ സമീപിച്ചത്. അത് കേരളമെമ്പാടും പ്രാവര്‍ത്തികമാക്കി. കൂടുതല്‍ വേദികളിലേക്ക് ആഘോഷങ്ങള്‍ വ്യാപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊളളാനായി.

ഓണാഘോഷത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ദീപാലങ്കാരം ഇക്കുറി ഏറെ ശ്രദ്ധേയമായിരുന്നു. തലസ്ഥാന നഗരം ദീപാലങ്കാരപ്രഭയില്‍ നില്‍ക്കുന്ന കാഴ്ച ഏതൊരാളെയും വിസ്മയിപ്പിക്കുന്നതായിരുന്നു. നഗരത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ദീപാലങ്കാരം വ്യാപിപ്പിക്കാനും പതിവില്‍ നിന്നും വ്യത്യസ്തമായി നേരത്തെ ആരംഭിക്കാനുമായി. ജനലക്ഷങ്ങള്‍ വൈദ്യുതാലങ്കാരങ്ങള്‍ കാണാനെത്തി എന്നതാണ് കണക്ക്. രാത്രി വൈകുവോളം ഇതിനായി മാത്രം കുടുംബങ്ങള്‍ പുറത്തിറങ്ങി. അങ്ങനെ നഗരത്തിന്‍റെ രാത്രികളും ആഘോഷസമ്പന്നമായി. ഇത്തവണ മറ്റു നഗരങ്ങളിലും പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ദീപാലങ്കാരങ്ങളുണ്ടായിരുന്നു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം കോവളത്ത് നടന്നത് ഓണത്തിന്‍റെ പ്രചരണത്തിനായുള്ള അവസരമാക്കി മാറ്റി. കോവളത്ത് പ്രത്യേക ദീപാലങ്കാരം ഒരുക്കി.

കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് ഫെയറായി ഓണം മാറി എന്ന് നിസ്സംശയം പറയാം. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട ബിസിനസുകാര്‍ക്കു വരെ ഇതിന്‍റെ പ്രയോജനം ലഭിച്ചു. ഓണത്തിനായി പണം ചെലവഴിച്ചതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ ഈ യാഥാര്‍ഥ്യം കാണാതെ പോകരുത്. വിപണി ചലിക്കുമ്പോള്‍ കൂടുതല്‍ ശക്തമായി സാമ്പത്തികവ്യവസ്ഥയും ചലിക്കുമെന്നത് നാം മറന്നുകൂടാ.

ഓണാഘോഷത്തിനുള്ള പരിപാടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രാദേശിക കലാകാരډാര്‍ക്ക് വേദി ഒരുക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഓണം ഘോഷയാത്രയിലും പരമ്പരാഗത, നാടന്‍ കലാരൂപങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തി. വേദികളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ കലാകാരന്‍മാര്‍ക്ക് അവസരം ലഭ്യമാക്കാനുളള സാഹചര്യവും ഒരുങ്ങി.

ടൂറിസം ഇനി എന്ത്?

ഓണാഘോഷത്തോടെ ഈ വര്‍ഷത്തെ ടൂറിസം സീസണ് വലിയ സ്വീകാര്യതയോടെ തുടക്കമാകുകയാണ് ചെയ്തത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ നാം ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ കൂടി മുന്നേറ്റം സാധ്യമാക്കാന്‍ കഴിയണം. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കേരള ടൂറിസം സംഘടിപ്പിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളിലെ ടൂറിസം ഫെയറുകളിലും മറ്റും പങ്കെടുക്കേണ്ടതുണ്ട്. കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ വലിയ പ്രചരണം നടത്തുന്നുണ്ട്.

ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ കേരളത്തെ അടയാളപ്പെടുത്തിയതും ഈ സര്‍ക്കാര്‍ നടപ്പാക്കിയ കാരവാന്‍ ടൂറിസത്തെ കുറിച്ച് എടുത്തുപറഞ്ഞതും സംസ്ഥാനത്തിനുള്ള അംഗീകാരമാണ്. ഈ അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അതോ ടൊപ്പം ഓണം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനായി പ്രത്യേക പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കും. ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തില്‍ സജീവ സാന്നിധ്യമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

X
Top