
എൻഎസ്ഇ (നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച്) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഇന്ന് തുടക്കം. തിങ്കളാഴ്ച വരെ നടക്കുന്ന ഐപിഒയിലൂടെ 22,561.5 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം. പൂർണമായും ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ആണ് ഐപിഒയിലുള്ളത്.
അതായത്, നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കും. ഫലത്തിൽ, ഐപിഒ വഴി സമാഹരിക്കുന്ന പണം പൂർണമായും ഓഹരി ഉടമകൾക്കാണ് കിട്ടുക. എൻഎസ്ഇയുടെ പ്രവർത്തനാവശ്യത്തിനായി ഉപയോഗിക്കാനാവില്ല. പുത്തൻ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഉണ്ടെങ്കിലേ കമ്പനിയുടെ ആവശ്യത്തിന് പണം ലഭിക്കൂ. എൻഎസ്ഇ ഐപിഒയിൽ അതില്ല.
ഏറ്റവും നേട്ടം എസ്ബിഐക്ക്
1700-1785 രൂപയെന്ന പ്രൈസ് ബാൻഡ് പ്രകാരം ഏറ്റവുമധികം കോളടിക്കുന്നത് ഓഹരി ഉടമകളിലൊന്നായ എസ്ബിഐയ്ക്കാണ്. 1.60 കോടി ഓഹരികൾ ബാങ്ക് വിൽക്കുന്നുണ്ട്. ബാങ്കിന് 2856 കോടി രൂപവരെ നേടാനാകും.
ഓഹരിയൊന്നിന് 0.80 രൂപ നിരക്കിലാണ് എസ്ബിഐയ്ക്ക് ഓഹരികൾ ലഭിച്ചത്. അതിന് ചെലവിട്ടത് 1.18 കോടി രൂപ. എസ്ബിഐക്കു കിട്ടുന്ന ലാഭം 2,854.72 കോടി.
അരാന്റ ഇൻവെസ്റ്റ്മെന്റ് (മൊറീഷ്യസ്) എൻഎസ്ഇയുടെ ഓഹരികൾ വാങ്ങിയത് 62.38 രൂപയ്ക്ക്. 1.12 കോടി ഓഹരികൾ 69.87 വാങ്ങിയ അവരുടെ ലാഭം 1,929.33 കോടി. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് വിൽക്കുന്നത് 1.19 കോടി ഓഹരികൾ.
324.13 രൂപ നിരക്കിൽ ഓഹരികൾ ലഭിച്ച ഇവർക്കു ലഭിക്കുന്ന ലാഭം 1,738.44 കോടി. മറ്റ് 7 നിക്ഷേപകർക്കും ഏതാണ്ട് സമാനമായ ലാഭം ഐപിഒയിലൂടെ ലഭിക്കും.
∙ 10 മുൻനിര നിക്ഷേപകർ ഓഹരി വിൽക്കും.
∙ ആകെ ഓഹരികൾ 12.64 കോടി
∙ ഗ്രേ വിപണിയിലെ നിക്ഷേപകർ 3.31 ലക്ഷം (ലിസ്റ്റിങ്ങിന് മുൻപ് ഓഹരി അനൗദ്യോഗികമായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വിപണി).
നിക്ഷേപകർക്ക് നേട്ട സാധ്യത
രണ്ട് വർഷമായി ഇന്ത്യയിലെ നിക്ഷേപകർ കാത്തിരുന്ന ഐപിഒ ആണ് എൻഎസ്ഇയുടേത്. ലിസ്റ്റിങ് നേട്ടം കിട്ടാൻ സാധ്യതയുണ്ട്. 2100–2300 ലെവലിലേക്ക് എൻഎസ്ഇ നിരക്ക് ഉയർന്നേക്കാം. എൻഎസ്ഇ ഐപിഒയിൽ നെഗറ്റീവ് ഇംപാക്ട് ഒന്നും പ്രതീക്ഷിക്കുന്നില്ല.
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എൻഎസ്ഇയുടെ പ്രധാനപ്പെട്ട നിക്ഷേപകരാണ്. അവർ ഇപ്പോഴൊന്നും എൻഎസ്ഇ സ്റ്റോക്ക് വിൽക്കാൻ തയാറല്ല. ആങ്കർ ഇൻവെസ്റ്റേഴ്സിന്റെ അവസരം ഉപയോഗിച്ച് നിക്ഷേപം കൂട്ടിയാൽ അത് നല്ലതാണ്.
എൻഎസ്ഇ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കണക്കിൽ ലോകത്തെ മൂന്നാമത്തെ എക്സ്ചേഞ്ചായി മാറാനും സാധ്യതയുണ്ട്.
ടി.ബി.രാമകൃഷ്ണൻ (സെബി റജിസ്ട്രേഡ് റിസർച് അനലിസ്റ്റാണ് ലേഖകൻ)
ലാഭ ശതമാനത്തിൽ മൂന്നാം സ്ഥാനം
എൻഎസ്ഇയുടെ 2026 സാമ്പത്തിക വർഷത്തെ ലാഭം 55 ശതമാനമായിരുന്നു. വരുമാനം ഇത്ര അധികം ലാഭമാക്കി മാറ്റുന്നതിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ് എൻഎസ്ഇ. 12.7 കോടിയാണു തനതു നിക്ഷേപകർ.
ആകെ ട്രേഡിങ് അക്കൗണ്ടുകളുടെ എണ്ണം 27 കോടി. ഏറ്റവും കൂടുതൽ നിക്ഷേപകരുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ്. കേരളത്തിൽ നിന്ന് 62 ലക്ഷത്തിലധികം ട്രേഡിങ് അക്കൗണ്ടുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ നിക്ഷേപകരിൽ 25% സ്ത്രീകളാണ്.






