
ന്യൂഡൽഹി: മുൻ മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ ചെറിയ കുറവുണ്ടായെങ്കിലും സ്വർണം ഉൾപ്പടെയുള്ള ഇറക്കുമതിയിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന് ഓഗസ്റ്റിലെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി അപ്രതീക്ഷിതമായി കുറഞ്ഞു.
ഓഗസ്റ്റിൽ വ്യാപാര കമ്മി 2686 കോടി ഡോളറായി കുറഞ്ഞതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിലെ 3198 കോടി ഡോളറിൽ നിന്നാണ് ഈ കുറവ്.
ഓഗസ്റ്റിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 26.1 ശതമാനം വർധിച്ച് 4381 കോടി ഡോളറായി നേരിയ തോതിൽ കുറഞ്ഞു. ഇത് ജൂലൈയിലെ 4424 കോടി ഡോളറിനേക്കാൾ കുറവാണെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന കയറ്റുമതി നിരക്കാണിത്. അതേസമയം, ഇറക്കുമതി 14.1 ശതമാനം വർധിച്ച് 7076 കോടി ഡോളറിലെത്തി.
എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയാണ് വളർച്ചയ്ക്കു കരുത്തേകിയത്. യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിക്സ് രാജ്യങ്ങളിൽനിന്നാണ് ഇവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
സ്വർണം ഇറക്കുമതി കുറഞ്ഞു
ഉത്സവസീസണിനു മുന്നോടിയായുള്ള സ്റ്റോക്ക് ശേഖരണം കാരണം ജൂലൈയിൽ സ്വർണം ഇറക്കുമതി കുത്തനെ ഉയർന്നിരുന്നു.
ജൂലൈയിലെ 416 കോടി ഡോളറിന്‍റെ ഇറക്കുമതിയെ അപേക്ഷിച്ച് ഓഗസ്റ്റിൽ സ്വർണം ഇറക്കുമതി പകുതിയോളമായി കുറഞ്ഞ് 230 കോടി ഡോളറിലെത്തി. മുൻ വർഷം ഇതേ മാസം 540 കോടി ഡോളറിൽനിന്ന് 57.7 ശതമാനത്തിന്‍റെ ഇടിവാണുണ്ടായിരിക്കുന്നത്.
ഇത് രാജ്യത്തിന്‍റെ ആകെ ഇറക്കുമതിച്ചെലവ് 7622 കോടി ഡോളറിൽനിന്ന് 7067 കോടി ഡോളറായി കുറയ്ക്കാൻ സഹായിച്ചു.





