ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ മുന്നേറാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികൾക്ക് ഇതുവരെ മൊത്തം 1.4 ബില്യൺ (140 കോടി) ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്രാക്സണിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിൽ പകുതിയോളം 2025-ന് ശേഷമാണ് കമ്പനികൾ സമാഹരിച്ചത്. എഐ മുന്നേറ്റത്തെത്തുടർന്ന് സെമികണ്ടക്ടറുകളുടെ ഡിമാൻഡ് കുതിച്ചുയരുകയും ആഗോള തലത്തിൽ കടുത്ത ചിപ്പ് ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണ് ഈ രംഗത്ത് ഇന്ത്യ മുന്നേറാനൊരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
ഈ മേഖലയിൽ ഇന്ത്യയിൽ ആകെ 3,557 കമ്പനികളാണുള്ളത്. ഇതിൽ ആകെ 281 ഫണ്ടഡ് കമ്പനികളാണ് ശ്രദ്ധേയമായ ഇക്വിറ്റി ഫണ്ടിങ് നേടിയിട്ടുള്ളത്. ട്രാക്സണിന്റെ കണക്കുകൾ പ്രകാരം 2026-ൽ മാത്രം ഇതുവരെ ഈ മേഖലയിൽ 228 മില്യൺ ഡോളറിന്റെ ഫണ്ടിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ മൊത്തത്തിൽ 213 മില്യൺ ഡോളർ ഫണ്ടിങ് നേടിയ ടെസ്സോൾവ് സെമികണ്ടക്ടർ (Tessolve Semiconductor) ആണ് ഈ രംഗത്ത് മുന്നിൽ നിൽക്കുന്നത്. 198 മിള്യൺ ഡോളറുമായി ഐഎൽജെഐഎൻ ഇലക്ട്രോണിക്‌സും (ILJIN Electronics), 129 ദശലക്ഷം ഡോളറുമായി വിവിഡിഎമ്മും (VVDN) തൊട്ടുപിന്നിലുണ്ട്. ഇലക്ട്രോണിക് മാനുഫാക്ചറിങ് സർവീസസ് ആണ് ഫണ്ടിങ്ങിൽ ഈ മേഖലയെ നയിച്ചത്.
ബെംഗളൂരുവാണ് രാജ്യത്തെ പ്രധാന സെമികണ്ടക്ടർ ഹബ്. 3,557 കമ്പനികളിൽ 626 എണ്ണവും ബെംഗളൂരുവിലാണുള്ളത്. ഇതുവരെ സമാഹരിച്ച മൊത്തം ഇക്വിറ്റി ഫണ്ടിങ്ങിന്റെ 40.1 ശതമാനവും ഇവിടുത്തെ കമ്പനികൾക്കാണ്.
ഫണ്ടിങ് വിഹിതത്തിന്റെ കാര്യത്തിൽ നോയിഡ (16.4%), ഗുരുഗ്രാം (10.7%), കൊച്ചി (8.8%), ഹൈദരാബാദ് (6.2%) എന്നിവയാണ് തൊട്ടുപിന്നിൽ.
തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ യു.എസ് എന്നീ രാജ്യങ്ങളാണ് സെമികണ്ടക്ടർ മേഖലയിൽ ലോകത്ത് മുൻനിരയിലുള്ളത്. 2035-ഓടെ ആദ്യ നാല് സ്ഥാങ്ങളിൽ ഒന്നിലെത്താൻ ലക്ഷ്യമിട്ടാണ് നിലവിൽ ഇന്ത്യ മുന്നേറുന്നത്.






