
കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുപ്രകാരം കേരളത്തിലെ ബാങ്കുകളിൽ 3,03,464.57 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. ഓരോ മാസവും സംസ്ഥാനത്ത് എത്തുന്ന ശരാശരി പ്രവാസി നിക്ഷേപം 25,300 കോടി രൂപ. 2015ൽ ഒരുലക്ഷം കോടി രൂപയായിരുന്ന നിക്ഷേപമാണ് പത്ത് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങായത്.
മൂന്നുമാസം മുൻപുവരെ കേരളത്തിലെ പ്രവാസി നിക്ഷേപം 2,86,987 കോടി രൂപയായിരുന്നുവെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്എൽബിസി) റിപ്പോർട്ട് പറയുന്നു. 5.75 ശതമാനം അല്ലെങ്കിൽ 16,476 കോടി രൂപയുടെ വർധനയാണ് കുറഞ്ഞ സമയത്തുണ്ടായത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇടിവ് രേഖപ്പെടുത്തിൽ. എസ്ബിഐയിൽ 80,234 കോടി രൂപയുടെ നിക്ഷേപമുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിൽ 30,058 കോടി രൂപ. കനറാ ബാങ്കിൽ 21,914 കോടി രൂപയുടെയും എച്ച്ഡിഎഫ്സി ബാങ്കിൽ 18,338 കോടി രൂപയുടെയും പ്രവാസി നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി.
രൂപയുടെ ഇടിവും പ്രവാസികളും
ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് കുറഞ്ഞതും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം വർധിച്ചതും പ്രവാസിപ്പണം വരവ് വർധിക്കാൻ വഴിയൊരുക്കി. 5 വർഷം മുൻപ് അമേരിക്കൻ ഡോളറിനെതിരെ 70 രൂപയുണ്ടായിരുന്ന മൂല്യം ഇപ്പോൾ 90ൽ എത്തി. ഡോളർ കുതിച്ചതിനൊപ്പം ഗൾഫ് കറൻസികളും മുന്നേറി.
ഇത് പ്രവാസിപ്പണമൊഴുക്ക് ശക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസ്, യുകെ എന്നിവിടങ്ങളിലേക്കും മലയാളിയുടെ കുടിയേറ്റം വർധിച്ചതും നേട്ടമായി.
പകുതിയും മൂന്ന് സംസ്ഥാനങ്ങളിൽ
2025 മാർച്ചിൽ ആർബിഐ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കോവിഡ് കാലത്ത് വരവ് കുറഞ്ഞെങ്കിലും പിന്നീട് കൂടി. ഏകദേശം 10.14 ലക്ഷം കോടി രൂപയാണ് രാജ്യത്ത് കഴിഞ്ഞവർഷം ആകെ ലഭിച്ച പ്രവാസിപ്പണം. ഇതിൽ 19.7 ശതമാനമാണ് കേരളത്തിനുള്ളത്. ഏകദേശം രണ്ട് ലക്ഷം കോടി രൂപ.
20.5 ശതമാനവുമായി മഹാരാഷ്ട്രയാണ് മുന്നിൽ. 10.4 ശതമാനം പ്രവാസി പണമെത്തുന്ന തമിഴ്നാട് മൂന്നാം സ്ഥാനത്തുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും പങ്ക് രാജ്യത്തെ ആകെ പ്രവാസിപ്പണമൊഴുക്കിന്റെ പകുതിയാണെന്നും കണക്ക് പറയുന്നു.






