
ന്യൂഡല്‍ഹി: ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളും തിങ്കളാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 861.25 പോയിന്റ് അഥവാ 1.46 ശതമാനം ഇടിവ് നേരിട്ട് 57,972.62 ലെവലിലും നിഫ്റ്റി 246 പോയിന്റ് അഥവാ 1.40 ശതമാനം കുറഞ്ഞ് 17,312 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1414 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1989 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
205 ഓഹരി വിലകളില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ തകര്‍ച്ച നേരിട്ടത്. അതേസമയം ബ്രിട്ടാനിയ, മാരുതി, അപ്പോളോ ഹോസ്പിറ്റല്‍സ്, നെസ്ലെ ഇന്ത്യ, എഷ്യന്‍ പെയ്ന്റസ് എന്നിവ നേട്ടം രേഖപ്പെടുത്തി.
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ അരശതമാനത്തോളം ദുര്‍ബലമായി. സൗദി താദാവുല്‍ ഓള്‍ഷെയര്‍, ഷാങ്ഗായി ഒഴിച്ചുള്ള എല്ലാ ഏഷ്യന്‍ യൂറോപ്യന്‍ സൂചികകളും കനത്ത തകര്‍ച്ചയാണ് നേരിട്ടത്. കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് തിങ്കളാഴ്ച ആഗോള സൂചികകളെ തകര്‍ച്ചയിലേയ്ക്ക് നയിച്ചത്.
വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച ഇടിവ് നേരിട്ടിരുന്നു.






