
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിനവും മുന്നേറി. സെന്‍സെക്‌സ് 146.59 പോയിന്റ് അഥവാ .25 ശതമാനം ഉയര്‍ന്ന് 59,107.19 ലും നിഫ്റ്റി 25.30 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 17512.30 ത്തിലും വ്യാപാരമവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1592 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1724 ഓഹരികള്‍ ഇടിവ് നേരിട്ടു.
149 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി, നെസ്‌ലെ ഇന്ത്യ, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ്, കോള്‍ ഇന്ത്യ എന്നിവ തിരിച്ചടി നേരിട്ടു. ലോഹങ്ങളും ഊര്‍ജ്ജവും ഒരു ശതമാനം വീതം ഇടിഞ്ഞതിനും വിപണി സാക്ഷിയായി.
എഫ്എംസിജി, റിയാലിറ്റി എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ മേഖലകള്‍. വാള്‍സ്ട്രീറ്റ് സൂചികകള്‍ ഉയര്‍ന്നത് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചതായി ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ആരോഗ്യകരമായ സെപ്തംബര്‍ പാദ ഫലപ്രഖ്യാപനത്തിന്റെ ബലത്തിലാണ് യു.എസ് വിപണി നേട്ടം കൊയ്തത്.
അതിനോടൊപ്പം ഓയില്‍ വിലയിലെ ഇടിവും വാങ്ങല്‍ ഉയര്‍ത്തി. അതേസമയം യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച താഴ്ച വരിച്ചു. യുകെ ചെറുകിട പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ച്ച രേഖപ്പെടുത്തിയതാണ് യൂറോപ്യന്‍ വിപണിയെ ബാധിച്ചത്.






