
ന്യൂഡല്‍ഹി: മികച്ച പ്രകടനമാണ് 2022 ല്‍ ഇന്ത്യന്‍ ഓഹരി വിപണി നടത്തിയത്. 4.3 ശതമാനം നേട്ടത്തോടെ ആഗോള സൂചികകളെ കടത്തിവെട്ടിയ നിഫ്റ്റി, തുടര്‍ച്ചയായ ഏഴ് വര്‍ഷം പോസിറ്റീവ് റിട്ടേണ്‍ സമ്മാനിക്കുന്ന സൂചികയായും മാറി. 751 പോയിന്റ് നേട്ടത്തോടെ, 4.3% മുന്നേറ്റമായിരുന്നു അത്.
18,887.60 ലെവലിന്റെ റെക്കോര്‍ഡ് ഉയരം താണ്ടുകയും നിക്ഷേപകരുടെ സമ്പത്ത് 16.45 ലക്ഷം കോടി രൂപ ഉയര്‍ത്തി 282.45 ലക്ഷം കോടി രൂപയാക്കുകയും ചെയ്തു.
താരങ്ങള്‍
70 ശതമാനത്തിലധികം ഉയര്‍ച്ച കൈവരിച്ച പൊതുമേഖല ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്.നിഫ്റ്റി ബാങ്ക് 21 ശതമാനവും എഫ്എംസിജി 17 ശതമാനവും കരുത്താര്‍ജ്ജിച്ചപ്പോള്‍ കാപക്‌സ് വെട്ടത്തില്‍ ഊര്‍ജ്ജവും വൈദ്യുതിയും തിളങ്ങി.അദാനി എന്റര്‍പ്രൈസസ് (126%), കോള്‍ ഇന്ത്യ (54%), ഐടിസി (52%), എം ആന്‍ഡ് എം (49%), ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ആണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. എന്‍ടിപിസി, എസ്ബിഐ,ഐഷര്‍ മോട്ടോഴ്‌സ്,ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയും സൂചികയെ മറികടന്നവയില്‍ പെടുന്നു.
തിരിച്ചടികള്‍
ആഗോള വിപണികളെ വെല്ലുന്ന പ്രകടനം പുറത്തെടുത്തിട്ടും എഫ്ഐഐകള്‍(വിദേശ നിക്ഷേപകര്‍) ഈ വര്‍ഷം നിഫ്റ്റിയെ കൈയ്യൊഴിഞ്ഞു. 1.2 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് നിക്ഷേപമാണ് അവര്‍ പിന്‍വലിച്ചത്. നിഫ്റ്റി സ്മോള്‍ക്യാപ് സൂചിക 14 ശതമാനം ഇടിവ് നേരിടുകയും ചെയ്തു. ടെക് ഓഹരികളോടുള്ള ആഗോള അവഗണന, നിഫ്റ്റി ഐടിയുടെ മൂല്യം 26% ചോര്‍ത്തി. മുന്‍നിര ഐടി ഓഹരികള്‍ 40 ശതമാനത്തിലധികം നഷ്ടമുണ്ടായി.വിപ്രോ, ടെക് മഹീന്ദ്ര, ദിവിയുടെ ലാബ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് ദുര്‍ബലമായ ബ്ലുചിപ്പ് ഓഹരികളില്‍ പെടുന്നു.നിക്ഷേപകര്‍ക്ക് ന്ഷ്ടം സമ്മാനിച്ചവയില്‍ പേടിഎം,ഡെല്‍ഹിവെരി,പിബി ഫിന്‍ടെക്,സൊമാട്ടോ,നൈക്ക തുടങ്ങിയ പുതുതലമുറ ഓഹരികളുമുണ്ട്.40 മുതല്‍ 60 ശതമാനം വരെയാണ് ഈ ഓഹരികള്‍ നേരിട്ട നഷ്ടം. ഏകദേശം 2 ലക്ഷം കോടി രൂപയാണ് ഇവ ചോര്‍ത്തിയത്.
മള്‍ട്ടിബാഗര്‍ ഓഹരികള്‍
മള്‍ട്ടിബാഗര്‍ നേട്ടമുണ്ടാക്കിയ ഓഹരികളുടെ എണ്ണം 2022 ല്‍ 80 എണ്ണമായി (500 കോടി രൂപയെങ്കിലും ആസ്തിയുള്ളവ) ചുരുങ്ങി. അതേസമയം മുന്‍വര്‍ഷത്തെ മള്‍ട്ടിബാഗറുകളുടെ എണ്ണം 336 ആയിരുന്നു.
ഐപിഒ സ്ട്രീറ്റ്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഏറ്റവും വലിയ ഐപിഒ 21,000 കോടി രൂപയ്ക്ക് അവതരിപ്പിച്ചു. എന്നിരുന്നാലും,പൊതുമേഖലാ സ്ഥാപനത്തിന് അതിന്റെ മൂല്യത്തിന്റെ 28% നഷ്ടമായി. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് നഷ്ടം സമ്മാനിച്ച ഓഹരികളില്‍ എല്‍ഐസി മുന്‍നിരയിലെത്തി. നിരവധി ഹിറ്റുകളും മിസ്സുകളുമുള്ള 2022ല്‍ 55,145 കോടി രൂപയുടെ 33 ഐപിഒകളാണ് നടന്നത്.
പെന്നി സ്റ്റോക്കുകള്‍
ദലാല്‍ സ്ട്രീറ്റില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഹേമാംഗ് റിസോഴ്സാണ്. 1,800 ശതമാനമാണ് ഉയര്‍ച്ച. കൈസര്‍ കോര്‍പ്പറേഷന്‍, അഷ്‌നിഷ ഇന്‍ഡസ്ട്രീസ്, അലയന്‍സ് ഇന്റഗ്രേറ്റഡ് മെറ്റാലിക്സ് എന്നിവയും മികച്ച നേട്ടമുണ്ടാക്കിയവയില്‍ ഉള്‍പ്പെടുന്നു – ഇവ മൂന്നും 1,000 ശതമാനത്തിലധികം നേടി.






