
തിരുവനന്തപുരം: 1500 കോടിയിലധികം രൂപയുടെ നിക്ഷേപത്തിലൂടെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ ഉൽപ്പന്ന എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോമായ ക്യുബർസ്റ്റിൻ്റെ (QBurst) നിയന്ത്രണം സ്വന്തമാക്കി മൾട്ടിപ്പിൾസ് ആൾട്ടർനേറ്റ് അസറ്റ് മാനേജ്‌മെൻ്റ്.
സാങ്കേതിക സേവന രംഗങ്ങളിലെ മൾട്ടിപ്പിൾസിൻ്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണിത്. 2004-ൽ പ്രതാപൻ സേതു, ബിനു ദാസപ്പൻ, അൻസാർ ഷിഹാബുദീൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ക്യുബർസ്റ്റിന് ഡിജിറ്റൽ പ്രൊഡക്ട് ഡെവലെപ്മെൻ്റ്, എൻ്റർപ്രൈസ് ഡിജിറ്റലൈസേഷൻ, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് സേവനങ്ങൾ, AI & ജനറേറ്റീവ് AI സേവനങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ സാന്നിധ്യമുണ്ട്.
തിരുവനന്തപുരത്ത് സ്ഥാപിതമായ കമ്പനി ഇപ്പോൾ 11 രാജ്യങ്ങളിലായി 21 നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കൊരട്ടി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക സേവന കമ്പനികളിലൊന്നാണ് ക്യുബർസ്റ്റ്. വടക്കേ അമേരിക്ക, ജപ്പാൻ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ വിപണികളിൽ ആഗോള ക്ലയൻ്റുകൾക്ക് സേവനം നൽകാൻ കമ്പനിക്ക് കഴിയുന്നു.
മൾട്ടിപ്പിൾസിൽ നിന്നുള്ള നിക്ഷേപം, QBurst-ൻ്റെ 20 വർഷത്തെ യാത്രയിൽ ഒരു നാഴികക്കല്ല് തന്നെയാണെന്ന് കമ്പനി വ്യക്തമാക്കി. അഞ്ച് വ്യത്യസ്ത മേഖലകളിലായി 30-ലധികം കമ്പനികളുടെ ശക്തമായ പോർട്ട്‌ഫോളിയോ സ്വന്തമായുള്ള, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ മൾട്ടിപ്പിൾസ് PVR INOX, Dream Sports, Acko, Delhivery എന്നിവയിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.
ക്യൂബർസ്റ്റിൻ്റെ തന്ത്രപരമായ ഏറ്റെടുക്കലിലൂടെയും തുടർന്നുള്ള വികസനത്തിലൂടെയും തങ്ങളുടെ പങ്കാളിത്തം കമ്പനിയുടെ വളർച്ചാ പാതയെ കൂടുതൽ മുന്നോട്ട് കൊണ്ടു പോകുമെന്ന് മൾട്ടിപ്പിൾസ് സ്ഥാപകയും സിഇഒയുമായ രേണുക രാംനാഥ് പറഞ്ഞു.
പുതിയ പങ്കാളിത്തം തങ്ങളുടെ ജീവനക്കാർക്ക് ആവേശകരമായ വളർച്ചാ അവസരങ്ങൾ തുറക്കുകയും വരും വർഷങ്ങളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന് ക്യുബർസ്റ്റിൻ്റെ സഹസ്ഥാപകൻ പ്രതാപൻ സേതു പറഞ്ഞു.