ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗാരണ്ടി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കും.
ചെറുകിട സംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്‍കുന്ന വിധത്തിലാകും പദ്ധതി. നിര്‍മാണ മേഖലയില്‍ മെഷിനറി വാങ്ങാനായി എടുക്കുന്ന വായ്പകള്‍ക്കാകും ഇതിന്റെ നേട്ടം ലഭിക്കുക.
കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ ഇത്തരത്തില്‍ വായ്പകള്‍ ലഭ്യമാക്കുകയും അതിന് വേണ്ടി തയാറാക്കുന്ന പ്രത്യേക ഫണ്ട് വഴി ഗാരണ്ടി നല്‍കുകയുമാകും ചെയ്യുക.
100 കോടി രൂപ വരെയാകും ഗാരണ്ടി നല്‍കുന്നതെങ്കിലും സംരംഭകര്‍ എടുക്കുന്ന വായ്പാ തുക ഇതിലേറെയാകാമെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.
തങ്ങള്‍ക്കു നിയന്ത്രണമില്ലാത്ത കാരണങ്ങളാല്‍ പ്രതിസന്ധിയിലാകുന്ന (സ്‌ട്രെസ് പിരിയഡ്) ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി പുനരുദ്ധാരണ നീക്കങ്ങള്‍ നടത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭക മേഖലകള്‍ക്ക് അനുകൂല നിരക്കില്‍ പ്രത്യേക വായ്പാ സഹായം വേണമെന്നത് ഈ മേഖല ധനമന്ത്രിക്കു മുന്നില്‍ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു.
വായ്പകള്‍ക്കായി എംഎസ്എംഇ മേഖലയിലെ സ്ഥാപനങ്ങളെ പൊതുമേഖലാ ബാങ്കുകള്‍ വിലയിരുത്തുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.